| Wednesday, 10th January 2024, 5:13 pm

ഇനി വിരാട് ഒറ്റക്കിരിക്കേണ്ടി വരില്ല, ഒപ്പമെത്താന്‍ രോഹിത്തും; വേണ്ടത് വെറും 147 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ഇന്ത്യയില്‍ കളിക്കുക. ജനുവരി 11ന് നടക്കുന്ന ആദ്യ മത്സരത്തിന് മൊഹാലിയാണ് വോദിയാകുന്നത്.

രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ അഫ്ഗാനെ നേരിടാനൊരുങ്ങുന്നത്. ലോകകപ്പ് ഇയറില്‍ രോഹിത് ശര്‍മയെ വീണ്ടും നായകനാക്കിയതോടെ ഐ.സി.സി ബിഗ് ഇവന്റിലും രോഹിത് ടീമിന്റെ ഭാഗമാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ മത്സരത്തില്‍ പല റെക്കോഡ് നേട്ടങ്ങളാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ പറത്തിയ ക്യാപ്റ്റന്‍, 200 സിക്‌സര്‍ സ്വന്തമാക്കുന്ന ആദ്യ താരം എന്നിങ്ങനെ റെക്കോഡ് നേട്ടങ്ങളുടെ പട്ടിക തന്നെ രോഹിത്തിന് മുമ്പിലുണ്ട്.

മറ്റൊരു ഐതിഹാസിക നേട്ടവും ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് മാര്‍ക് പിന്നിടാനുള്ള അവസരമാണ് രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്. വെറും 147 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ചരിത്ര നേട്ടത്തില്‍ രോഹിത് ശര്‍മക്ക് സ്ഥാനം പിടിക്കാം.

2007ല്‍ ടി-20 കരിയര്‍ ആരംഭിച്ച രോഹിത് 140 ഇന്നിങ്‌സില്‍ നിന്നും 31.32 ശരാശരിയിലും 139.24 സ്‌ട്രൈക്ക് റേറ്റിലും 3,853 റണ്‍സാണ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. നാല് സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും നേടിയ രോഹിത്തിന്റെ ടി-20യിലെ ഉയര്‍ന്ന സ്‌കോര്‍ 118 ആണ്.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ 147 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ രണ്ടാമത് പുരുഷ താരം എന്ന റെക്കോഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി മാത്രമാണ് ഇതിന് മുമ്പ് പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം. 107 ഇന്നിങ്‌സില്‍ നിന്നും 52.73 ശരാശരിയിലും 137.936 പ്രഹരശഷിയിലും 4,008 റണ്‍സാണ് വിരാട് നേടിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരം എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തും. വിരാടിന് പുറമെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം സൂസന്ന വില്‍സണ്‍ ബീറ്റ്‌സും അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് മാര്‍ക് പിന്നിട്ട താരമാണ്.

കിവികള്‍ക്കായി 149 ഇന്നിങ്‌സില്‍ ബാറ്റേന്തിയ ബേറ്റ്‌സ് 30.05 ശരാശരിയിലും 108.97 സ്‌ട്രൈക്ക് റേറ്റിലും 4,118 റണ്‍സ് നേടിയിട്ടുണ്ട്.

അതേസമയം, 2022 ടി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കുട്ടി ക്രിക്കറ്റില്‍ വീണ്ടും ടീമിന്റെ ഭാഗമാകുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു ഘടകം.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലും രോ-കോ സഖ്യം ടീമിന്റെ ഭാഗമാകുമെന്ന ആദ്യസൂചനകളാണ് അപെക്‌സ് ബോര്‍ഡ് നല്‍കുന്നത്. ഏറെ നാളത്തെ കിരീട വരള്‍ച്ച ഇതോടെ അവസാനിക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

Content Highlight: Rohit Sharma needs 147 runs to complete 4000 runs in T20Is.

We use cookies to give you the best possible experience. Learn more