ഫൈനലിലെ രണ്ട് സിക്‌സര്‍ കൊണ്ടുചെന്നെത്തിക്കുക ഇതിഹാസ നേട്ടത്തിലേക്ക്; വീണ്ടും ഇരയാകാന്‍ ഗെയ്ല്‍
ഐ.സി.സി ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനാണ് ഇന്ത്യയൊരുങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.
തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മത്സരമാണ് അഹമ്മദാബാദില്‍ നടക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ആറാം കിരീടത്തിനായി ഓസീസ് ഇറങ്ങുമ്പോള്‍ മൂന്നാം കിരീടമാണ് രോഹിത്തും സംഘവും ലക്ഷ്യം വെക്കുന്നത്.
രോഹിത് ശര്‍മ അടിത്തറയിടുന്ന ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാവാറുള്ളത്. ശുഭ്മന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് പടുത്തുയര്‍ത്തുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് പിന്നാലെയെത്തുന്ന വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ക്ക് ഫിയര്‍ലെസ് ക്രിക്കറ്റ് പുറത്തെടുക്കാന്‍ അവസരം നല്‍കുന്നത്.
ഫൈനലിലും രോഹിത് ശര്‍മ ഇതേ പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യന്‍ നായകനെ തേടിയെത്തും. അതിന് രോഹിത് നേടേണ്ടതാകട്ടെ വെറും രണ്ട് സിക്‌സറുകളും.
ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടമാണ് രോഹത്തിന് മുമ്പിലുള്ളത്. നിലവില്‍ ഓസീസിനെതിരെ 85 സിക്‌സറാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 86 സിക്‌സര്‍ നേടിയ ക്രിസ് ഗെയ്ല്‍ മാത്രമാണ് നിലവില്‍ ഹിറ്റ്മാന് മുമ്പിലുള്ളത്.
ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം
(താരം – രാജ്യം – എതിരാളികള്‍ – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 34 – 85
രോഹിത് ശര്‍മ – ഇന്ത്യ – ഓസ്‌ട്രേലിയ – 44 – 84
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ശ്രീലങ്ക – 64 – 63
സനത് ജയസൂര്യ – ശ്രീലങ്ക – പാകിസ്ഥാന്‍ – 79 – 53
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ഇന്ത്യ – 64 – 51
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 35 – 50
രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 50 – 50
ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 56 – 48
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – സിംബാബ്‌വേ – 29 – 47
സനത് ജയസൂര്യ – ശ്രീലങ്ക – ഇന്ത്യ – 85 – 46
ഈ ലോകകപ്പിലെ പത്ത് മത്സരത്തില്‍ നിന്നും ഇതുവരെ 28 സിക്‌സറുകളാണ് രോഹിത് നേടിയത്. 2023 ലോകകപ്പില്‍ ഇതുവരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരവും രോഹിത് തന്നെ.
നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും 55.00 എന്ന ശരാശരിയിലും 124.15 എന്ന സ്‌ട്രൈക്ക് റേറ്റിലും 550 റണ്‍സാണ് രോഹിത് നേടിയത്. 400 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ളതും രോഹിത്തിന് തന്നെ.
ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് ഹിറ്റ്മാന്റെ ലോകകപ്പ് ക്യാംപെയ്‌നിലുള്ളത്. 28 സിക്‌സറിനൊപ്പം 62 ബൗണ്ടറിയും രോഹിത് നേടിയിട്ടുണ്ട്. ബൗണ്ടറി കണക്കില്‍ രണ്ടാമനാണ് രോഹിത്. 64 ബൗണ്ടറി നേടിയ വിരാട് കോഹ്‌ലിയാണ് പട്ടികയിലെ ഒന്നാമന്‍.
Content highlight: Rohit Sharma need two sixes to set the record of most sixes against an opponent in ODIs.