ഇന്ത്യന്‍ വെടിക്കെട്ട് വീരനെ തകര്‍ക്കാന്‍ ഹിറ്റ്മാന് വേണ്ടത് വെറും ഏഴ് സിക്‌സ്!
Sports News
ഇന്ത്യന്‍ വെടിക്കെട്ട് വീരനെ തകര്‍ക്കാന്‍ ഹിറ്റ്മാന് വേണ്ടത് വെറും ഏഴ് സിക്‌സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 10:34 pm

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തിലെ നാലാം ദിനം അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍ സാക്കിര്‍ ഹസനെ 10 റണ്‍സിനും വണ്‍ ഡൗണ്‍ ബാറ്റര്‍ ഹസന്‍ മഹ്‌മൂദിനെ നാല് റണ്‍സിനും പറഞ്ഞയച്ച് ആര്‍. അശ്വിനാണ് വിക്കറ്റ് നേടിയത്. നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ഷദ്മാന്‍ ഇസ്ലാം ഏഴ് റണ്‍സും മൊമീനുല്‍ ഹഖ് നാല് റണ്‍സുമായും ക്രീസില്‍ ഉണ്ട്.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ആദ്യ ഓവര്‍ എറിഞ്ഞ ഹസന്‍ മഹ്‌മൂദിനെ അടിച്ചുതുടങ്ങിയ ഇന്ത്യ 18ാം പന്തില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറും അടക്കം 23 റണ്‍സിനാണ് പുറത്തായത്. എന്നാല്‍ ഇനി വെറും ഏഴ് സിക്‌സറുകള്‍ നേടിയാല്‍ ഹിറ്റ്മാന്‍ രോഹിത്തിന് ഒരു മിന്നല്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക. നിലവില്‍ ഈ നേട്ടത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരനും മുന്‍ താരവുമായ വിരേന്ദര്‍ സെവാഗാണ്.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍

വിരേന്ദര്‍ സെവാഗ് – 90

രോഹിത് ശര്‍മ – 84

എം.എസ്. ധോണി – 78

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 69

മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്.

ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സും നേടിയാണ് പുറത്തായത്. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സ്റ്റാര്‍ ബാറ്റര്‍ വിരാടാണ്. കോഹ്ലി 35 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് കൂടാരം കയറിയത്.

തുടര്‍ന്ന് ജഡേജ (8), അശ്വിന്‍ (1), ആകാശ് ദീപ് (12) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹ്‌മൂദ് ഒരു വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസ്ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വിക്കറ്റും നേടി.

 

Content Highlight: Rohit Sharma Need Seven Sixes To Surpass Virendar Sehwag In Test Cricket