|

അവന്റെ ഏഴ് സിക്സറുകളിൽ സെവാഗ് വീഴും; ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 പരമ്പര സെപ്റ്റംബര്‍ 27നാണ് നടക്കുക. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും വിജയിച്ചുകൊണ്ട് പരമ്പര വിജയം ഉറപ്പാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയിലാക്കാനാവും ബംഗ്ലാദേശ് ലക്ഷ്യം വെക്കുക.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഏഴ് സിക്‌സുകള്‍ കൂടി നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കായിരിക്കും രോഹിത് കാലെടുത്തുവെക്കുക.

നിലവില്‍ റെഡ് ബോൾ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ഉള്ളത്. ഇതിനോടകം തന്നെ 60 ടെസ്റ്റ് മത്സരങ്ങളില്‍ 103 ഇന്നിങ്‌സുകളില്‍ നിന്നും 84 സിക്‌സുകളാണ് ഇന്ത്യന്‍ നായകന്‍ നേടിയത്,

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ വിരേന്ദര്‍ സെവാഗ് ആണ്. 103 ടെസ്റ്റ് മത്സരങ്ങളില്‍ 178 ഇന്നിങ്സുകളില്‍ ബാറ്റെടുത്ത സെവാഗ് 90 സിക്‌സുകളാണ് നേടിയത്. അതുകൊണ്ട് തന്നെ ഏഴ് സിക്സറുകള്‍ കൂടി ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നാൽ ചരിത്രനേട്ടവും കൈപ്പിടിയിലാക്കാന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, ഇന്നിങ്സ്, സിക്‌സറുകളുടെ എണ്ണം എന്നീ ക്രമത്തില്‍

വിരേന്ദര്‍ സെവാഗ്-178-90

രോഹിത് ശര്‍മ-103-84

എം.എസ് ധോണി-144-78

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-329-69

രവീന്ദ്ര ജഡേജ-106-66

കപില്‍ ദേവ്-184-61

റിഷബ് പന്ത്-58-59

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 19 പന്തില്‍ ആറ് റണ്‍സ് നേടിയാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സുമാണ് രോഹിത് നേടിയത്. എന്നാല്‍ കാണ്‍പൂരില്‍ രോഹിത് ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Rohit Sharma Need 7 Six to Break Virender Sewhag Record in Test