| Sunday, 16th April 2023, 2:33 pm

34 റണ്‍സ്, വെറും 34 റണ്‍സ്... ഇന്ന് നിങ്ങളത് നേടിയേ മതിയാകൂ; രോഹിത്തിനെ കാത്ത് മറ്റൊരു കിരീടനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 22ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തിനാണ് വാംഖഡെ സ്‌റ്റേഡിയം വേദിയാകുന്നത്. ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ വിജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് മറ്റൊരു വിജയത്തിലൂടെ ആരാധകര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അവസാന പന്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് മുംബൈക്കുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് രോഹിത്തിന്റെ മുംബൈ.

നാല് മത്സരത്തില്‍ നിന്നും രണ്ട് വിജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് തന്നെയാണ് മുംബൈ ഇന്ത്യന്‍സിന് വിജയം നേടിക്കൊടുത്തത്. അതിന് സമാനമായ ഇന്നിങ്‌സ് നൈറ്റ് റൈഡേഴ്‌സിനെതിരെയും പുറത്തെടുക്കണമെന്ന് തന്നെയാണ് ആരാധകരും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മത്സരത്തില്‍ 45 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 65 റണ്‍സാണ് രോഹിത് നേടിയത്. മത്സരത്തിലെ ടോപ് സ്‌കോററും കളിയിലെ താരവും രോഹിത് തന്നെയായിരുന്നു.

ഇത്തരത്തില്‍ മികച്ച ഒരു ഇന്നിങ്‌സ് കൊല്‍ക്കത്തക്കെതിരായ മത്സരത്തിലും പുറത്തെടുക്കാന്‍ സാധിച്ചാല്‍ രോഹിത് ശര്‍മയെ കാത്ത് വമ്പന്‍ റെക്കോഡാണ് അണിയറയില്‍ കാത്തിരിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ വെറും മൂന്നേ മൂന്ന് താരങ്ങള്‍ മാത്രം നേടിയ ആ റെക്കോഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്.

ഐ.പി.എല്ലിലെ 6,000 റണ്‍സ് ക്ലബ്ബിലേക്കാണ് രോഹിത് ശര്‍മ ഇടം പിടിക്കാന്‍ പോകുന്നത്. നിലവില്‍ 5,966 റണ്‍സ് സ്വന്തമായുള്ള രോഹിത് ശര്‍മക്ക് ഈ മത്സരത്തില്‍ 34 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന നാലാം താരമായി മാറാനുമാകും.

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍, ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഐ.പി.എല്ലിലെ 6,000 ക്ലബ്ബിലെ അംഗങ്ങള്‍.

നിലവില്‍ ഐ.പി.എല്ലില്‍ 230 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ 30.28 എന്ന ശരാശരിയിലും 129.87 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് 5,966 റണ്‍സ് സ്വന്തമാക്കിയത്.

പുറത്താകാതെ നേടിയ 109 റണ്‍സാണ് ഐ.പി.എല്ലില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച നേട്ടം. ഒരു തവണ സെഞ്ച്വറിയടിച്ച രോഹിത് 41 തവണ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 528 ബൗണ്ടറിയും 245 സിക്‌സറുമാണ് രോഹിത്തിന്റെ പേരിലുള്ളത്.

Content Highlight: Rohit Sharma need 34 runs to join 6000 runs club in IPL

We use cookies to give you the best possible experience. Learn more