|

നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിന് ഇനി 22 റണ്‍സ് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്‌കോട്ടില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് 434 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് പിന്നില്‍ രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും ഏറെ പ്രശംസ നേടിയിരുന്നു. കൃത്യമായ ഫീല്‍ഡിങ് സെറ്റിങ്ങും നിര്‍ണായക ഘട്ടത്തിലെ സെഞ്ച്വറിയും ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത്തിനെ വ്യത്യസ്തനാക്കുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ രോഹിത് 196 പന്തില്‍ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടക്കം 131 റണ്‍സാണ് അടിച്ച് കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ ഒരു നിര്‍ണായകമായ നാഴികക്കല്ല് പിന്നിടാനിരിക്കുകയാണ് രോഹിത്. ടെസ്റ്റില്‍ താരത്തിന് 4000 റണ്‍സ് തികക്കാന്‍ ഇനി വേണ്ടത് വെറും 22 റണ്‍സ് മാത്രമാണ്.

57 മത്സരങ്ങളിലെ 98 ഇന്നിങ്‌സുകളില്‍ നിന്ന് 3978 റണ്‍സാണ് താരം അടിച്ച് കൂട്ടിത്. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 45.2 ആവറേജില്‍ 56.84 എന്ന സ്‌ട്രൈക്ക്‌റേറ്റിലാണ് താരം ബാറ്റ് വീശിയത്. 16 അര്‍ധ സെഞ്ച്വറിയും 11 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരത്തിനുണ്ട്. ഇതുവരെ രോഹിത് 434 ഫോറും 80 സിക്‌സും ടെസ്റ്റില്‍ അടിച്ചിട്ടുണ്ട്.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Content Highlight: Rohit Sharma Need 22 Runs To Achieve Crucial Milestone