പാകിസ്ഥാനെ അവരുടെ നാട്ടിലിട്ട് പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്നത്. ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റ് വിജയവും ആദ്യ ടെസ്റ്റ് പരമ്പര വിജയവും ലക്ഷ്യമിട്ടാണ് തങ്ങള്‍ പര്യടനത്തിനെത്തുന്നതെന്ന് ബംഗ്ലാ നായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2000-01 മുതല്‍ ഇതുവരെ എട്ട് പരമ്പരകളിലാണ് ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2015ലെ വണ്‍ ഓഫ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതടക്കം രണ്ടേ രണ്ട് തവണ മാത്രമാണ് ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.
ഇത്തവണ വിജയം മാത്രമായിരിക്കും കടുവകള്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതുപോലെ ഇന്ത്യയെ തോല്‍പിക്കാന്‍ ഒരിക്കലും ബംഗ്ലാദേശിന് സാധിക്കില്ല. രോഹിത് ശര്‍മയുടെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ തന്നെയാണ് പരമ്പരയുടെ ഭാഗമാകുന്നത്. ഹോം അഡ്വാന്റേജും ഇന്ത്യക്കുണ്ട്.
ബംഗ്ലാദേശിനെതിരെ പരമ്പര വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നായകന്‍ ഒരുങ്ങുന്നത്. പരമ്പര വിജയം മാത്രമല്ല പല റെക്കോഡുകളിലേക്കും രോഹിത് ശര്‍മ കണ്ണുവെക്കുന്നുണ്ട്.
അതിലൊന്നാണ് 2024ല്‍ 1,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടം. ഈ നേട്ടത്തിലെത്താന്‍ വെറും 10 റണ്‍സ് മാത്രമാണ് ഹിറ്റ്മാന് വേണ്ടത്.
ഈ വര്‍ഷം കളിച്ച 20 മത്സരത്തിലെ 25 ഇന്നിങ്സില്‍ നിന്നും 45.00 ശരാശരിയില്‍ 990 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും അടങ്ങുന്നതാണ് രോഹിത്തിന്റെ 2024ലെ ട്രാക്ക് റെക്കോഡ്.
ഇതിന് പുറമെ ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടവും രോഹിത്തിന് മുമ്പിലുണ്ട്. ഒന്നാമതുള്ള പാതും നിസങ്കയെ മറികടക്കാന്‍ 154 റണ്‍സ് മാത്രമാണ് രോഹിത്തിന് ആവശ്യമുള്ളത്.
23 മത്സരത്തിലെ 25 ഇന്നിങ്സില്‍ നിന്നുമായി 54.04 ശരാശരിയില്‍ 1135 റണ്‍സ് നേടിയാണ് ലങ്കന്‍ താരം നിസങ്ക ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഈ പട്ടികയില്‍ രോഹിത് കടുത്ത മത്സരം തന്നെ നേരിടുന്നുണ്ട്. യുവതാരവും തന്റെ സഹ ഓപ്പണറുമായ യശസ്വി ജെയ്സ്വാളാണ് രോഹിത്തിന് ഭീഷണിയുയര്‍ത്തുന്നത്. 14 മത്സരത്തിലെ 19 ഇന്നിങ്സില്‍ നിന്നും 60.76 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1033 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. നിസങ്കയെക്കാള്‍ 102 റണ്‍സ് മാത്രമാണ് ജെയ്സ്വാളിന് കുറവുള്ളത്.
സെപ്റ്റംബര്‍ 19നാണ് ഇന്ത്യ – ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. ചെന്നൈയിലെ ചെപ്പോക് സ്‌റ്റേഡിയമാണ് വേദി.