ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ കത്തിക്കേറി ഹിറ്റ്മാന്‍; ബാബറിന് വെല്ലുവിളി!
Sports News
ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ കത്തിക്കേറി ഹിറ്റ്മാന്‍; ബാബറിന് വെല്ലുവിളി!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 2:32 pm

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു. അവസാന ഏകദിനത്തില്‍ മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നിരുന്നാലും പരമ്പരയില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്.

സമനിലയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ 58 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സും അവസാന മത്സരത്തില്‍ 35 റണ്‍സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രോഹിത്താണ്. ഈ മിന്നും പ്രകടനത്തിന് രോഹിത്തിനെ തേടി ഒരു തകര്‍പ്പന്‍ നേട്ടമാണ് വന്നെത്തിയത്.

ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് 765 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്താനാണ് രോഹിത്തിന് സാധിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഗില്ലിന് 763 പോയിന്റാണ്. നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് 746 പോയിന്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

എന്നാല്‍ നിലവില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. 824 പോയിന്റാണ് താരം നേടിയത്. ഇനി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോടുള്ള മൂന്ന് ഏകദിനം മാത്രമാണ് ചാമ്പന്‍സ് ട്രോഫിക്ക് മുന്നോടിയായി ഉള്ളതെങ്കിലും ബാബറും രോഹിത്തും തമ്മിലുള്ള റാങ്കിങ് പോരാട്ടം കനക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.

 

Content Highlight: Rohit Sharma Moves Second In ICC Batting Ranking