മുംബൈ: ഐ.പി.എല്ലില്‍ 11 വര്‍ഷത്തിനിടെ ആദ്യമായി കരയ്ക്കിരുന്നു കളികണ്ട് മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. ബുധനാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മത്സരത്തിലായിരുന്നു രോഹിതിനു കരയ്ക്കിരിക്കേണ്ടിവന്നത്. പരിശീലനത്തിനിടെ പരിക്കേറ്റതാണു കാരണം.
കഴിഞ്ഞദിവസം നടന്ന പരിശീലനത്തിനിടെ രോഹിതിനു വലതുകാലില്‍ പേശിവലിവ് അനുഭവപ്പെട്ടെന്നും മുന്‍കരുതലെന്ന നിലയ്ക്ക് ഒരു മത്സരത്തില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണെന്നുമാണ് മുംബൈ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.
കാലിനു വേദന അനുഭവപ്പെട്ട രോഹിത് മൈതാനത്തു കിടക്കുകയായിരുന്നു. ഉടന്‍തന്നെ ഫിസിയോ നിതിന്‍ പട്ടേല്‍ എത്തി രോഹിതിനെ പരിശോധിച്ചു. തുടര്‍ന്നു തനിച്ചാണു രോഹിത് ഡ്രസ്സിങ് റൂമിലേക്കു മടങ്ങിയത്.
രോഹിതിനു പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈയെ നയിച്ചത്.
എന്നാല്‍ രോഹിതിന്റെ പരിക്കില്‍ ഏറെ ആശങ്കപ്പെടുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റാണ്. ലോകകപ്പ് ടീം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിതിനു പരിക്കേറ്റത്.
ഐ.പി.എല്ലില്‍ 2008-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി കളി തുടങ്ങിയ രോഹിത് 2011-ലാണു മുംബൈയിലെത്തുന്നത്. 2008 മേയ് 27-നാണു രോഹിത് അവസാനമായി കരയ്ക്കിരുന്നത്.