| Monday, 25th December 2023, 6:26 pm

സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റ് ജയിച്ചാലും ലോകകപ്പിലെ തോല്‍വി നികത്താന്‍ കഴിയില്ല: രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-ട്വന്റിയില്‍ സമനിലയും ഏകദിനത്തില്‍ പരമ്പരയും സ്വന്തമാക്കിയും ഇന്ത്യ മുന്നേറുകയാണ്. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് മത്സരം ഏറെ നിര്‍ണായകമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം. കാരണം സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യക്ക് ഒരു ടെസ്റ്റ് പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കണ്ടിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിച്ചാലും ലോകകപ്പ് ഫൈനലില്‍ ഉണ്ടായ തോല്‍വിക്ക് പകരം വെക്കാനാവില്ല എന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ലോകകപ്പിന് ശേഷമുള്ള തന്റെ ആദ്യത്തെ പത്രസമ്മേളനത്തില്‍ ആണ് രോഹിത് ഇക്കാര്യം തുറന്നു സംസാരിച്ചത്. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കത്തിലാണ് രോഹിത്തും സംഘവും. റെയിന്‍ബോ നാഷനില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പാക്കി ചരിത്രം സൃഷ്ടിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ തട്ടകത്തില്‍ ഇതുവരെ ഇന്ത്യക്ക് ടെസ്റ്റില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാലും അവര്‍ക്കെതിരെയുള്ള ഒരു പരമ്പര വിജയിച്ചാല്‍ പോലും ലോകകപ്പ് ഫൈനലില്‍ ഏറ്റ പ്രഹാരം നികത്താന്‍ കഴിയില്ലെന്ന് രോഹിത് സമ്മതിച്ചു.

‘ഇവിടെ പരമ്പര നേടുന്നത് വലിയ ബഹുമതിയാണ്, പക്ഷേ അത് ലോകകപ്പ് തോല്‍വിക്ക് പകരം വെക്കാമോ എന്ന് എനിക്കറിയില്ല. ഒരു ലോകകപ്പ് നേടുന്നത് അതില്‍ നിന്നും വ്യത്യസ്തമായ കാര്യമാണ്. എന്നിരുന്നാലും ഞങ്ങള്‍ മികച്ച രീതിയില്‍ നില്‍ക്കും. ഇത്രയും കാലം ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു, വലിയ എന്തെങ്കിലും നേടാന്‍ ഞങ്ങള്‍ അര്‍ഹരാണ്,’രോഹിത് ശര്‍മ പറഞ്ഞു.

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ 10 മത്സരങ്ങളിലും വിജയിച്ച് തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയ ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങിയത് ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നിരുന്നാലും 2024 ജൂണില്‍ ആരംഭിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യ വിജയിക്കാനായി ശക്തമായ രീതിയില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ഏകദിന ലോകകപ്പിനുശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്.

Content Highlight: Rohit Sharma meets the media ahead of the Test match against South Africa

Latest Stories

We use cookies to give you the best possible experience. Learn more