മുംബൈ: 43 പന്തില്‍ നിന്നും 118 എന്ന സ്‌കോര്‍ നേടിയെടുക്കാന്‍ രോഹിത് ശര്‍മ്മ ലങ്കന്‍ താരങ്ങളെ ഇന്നലെ ചില്ലറ തല്ലൊന്നുമല്ല തല്ലിയത്. 88 റണ്‍സിന് ഇന്ത്യ കളിയും പരമ്പരയും സ്വന്തമാക്കിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് മൊത്തം നായകന്‍ രോഹിതിന് അവകാശപ്പെട്ടതാണ്. 35 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച രോഹിത് ഡേവിഡ് മില്ലറുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ക്രിക്കറ്റ് ലോകം മുഴുവന്‍ രോഹിതിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമാശ കളിക്കുകയാണോ ഇതത്ര എളുപ്പമല്ലെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.
വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട വീരുവിന്റെ പ്രശംസ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സെവാഗിന് പിന്നാലെ ഗാംഗുലി, മുഹമ്മദ് കൈഫ്, റമീസ് രാജ, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരും രോഹിതിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ വിജയം 88 റണ്‍സിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.
ഉപുല്‍ തരംഗയും കുസല്‍ പെരേരയും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ലങ്കയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളായ ചാഹലും കുല്‍ദീപും ചേര്‍ന്ന് ആ മോഹങ്ങളെ തല്ലി കെടുത്തുകയായിരുന്നു. തരംഗ 47 റണ്‍സ് നേടിയപ്പോള്‍ പെരേര 77 റണ്‍സ് നേടി. എന്നാല്‍ ഒരോവറില്‍ മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപിനും നാല് ലങ്കന്‍ താരങ്ങളെ പുറത്താക്കിയ ചാഹലും ചേര്‍ന്ന് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ധ സെഞ്ച്വറി നേടിയ രാഹുലിന്റെയും മികവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിരുന്നു.