ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ 22ന് ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ആദ്യ ടെസ്റ്റില്‍ ആധികാരികമായി ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും ആ മേല്‍ക്കോയ്മ നേടാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ സാധ്യത അരക്കിട്ടുറപ്പിക്കാനുമാണ് ഇറങ്ങുന്നത്.
ആദ്യ ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ ഇല്ലാതെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റതോടെയാണ് മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും ഇന്ത്യന്‍ നായകന് നഷ്ടമായത്.
രോഹിത്തിന്റെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലായിരുന്നു ആദ്യ ടെസ്റ്റിലും മൂന്നാം ഏകദിനത്തിലും ഇന്ത്യയെ നയിച്ചത്. ഈ രണ്ട് മത്സരത്തിലും എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ഇന്ത്യയുടെ വിജയം.
എന്നാല്‍ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ ഇറങ്ങാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രോഹിത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് രണ്ടാം ടെസ്റ്റിലും നായകന്റെ സേവനം ഇന്ത്യക്ക് നഷ്ടമാകുന്നത്.
പരിക്കേറ്റ തള്ളവിരലില്‍ വീണ്ടും പന്ത് കൊണ്ടാല്‍ കാര്യങ്ങള്‍ വഷളായേക്കുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പരിക്ക് പൂര്‍ണമായും ഭേദമാകുന്നത് വരെ താരത്തിന് വിശ്രമം അനുവദിക്കാന്‍ തന്നെയായിരിക്കും ബോര്‍ഡ് ഒരുങ്ങുന്നത്.
ഇന്ത്യന്‍ ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബി.സി.സി.ഐ രണ്ടാം ടെസ്റ്റില്‍ താരത്തെ കളിപ്പിച്ചേക്കില്ല. ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരയില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ തിരികെയെത്തുകയാണെങ്കില്‍ ഒരുപക്ഷേ ഉപനായകന്‍ കെ.എല്‍. രാഹുലിന് രണ്ടാം ടെസ്റ്റില്‍ ബെഞ്ചിലിരിക്കേണ്ടി വരുമായിരുന്നു.
രോഹിത്തിന് പകരം ഒപ്പണിങ് ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച ഗില്‍ ടീമില്‍ തുടരുകയും അതുവഴി രാഹുല്‍ പുറത്താകാനും സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ രോഹിത് മടങ്ങിയെത്തിയാല്‍ ഗില്ലിനെ മിഡില്‍ ഓര്‍ഡറിലേക്ക് കൊണ്ടുവന്ന് അക്‌സര്‍ പട്ടേലിനെ ബെഞ്ചിലിരുത്താനും ഇന്ത്യ ഒരുങ്ങുമായിരുന്നു. എന്നാല്‍ രോഹിത് തിരിച്ചുവരാത്തിടത്തോളം ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ തന്നെയാകും ഇന്ത്യ രണ്ടാം ടെസ്റ്റിലും ഇറക്കാന്‍ സാധ്യത.
ഇന്ത്യ സ്‌ക്വാഡ്
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്.
Content highlight: Rohit Sharma may miss the second test too