| Friday, 15th July 2022, 3:08 pm

വിരാടിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമെന്താണ്? മാധ്യമ പ്രവര്‍ത്തകനോട് തട്ടികയറി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാണംകെട്ട ദിവസമായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യക്കുണ്ടായത്. ആദ്യ ഏകദിനത്തില്‍ സ്വന്തമാക്കിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് പക്ഷെ തിരിച്ചടിയായിരുന്നു ഫലം.

രോഹിത് ശര്‍മ നായകനായതിന് ശേഷം ഈ വര്‍ഷം ഇന്ത്യ തോല്‍ക്കുന്ന ആദ്യ ഏകദിന മത്സരമാണിത്. രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിങ് തെരെഞ്ഞടുക്കുകയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളിങ് നിര നടത്തിയത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 246 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ പതറിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 10 പന്ത് നേരിട്ട് പൂജ്യനായി മടങ്ങുകയായിരുന്നു. മുന്‍ നായകന്‍ വിരാട് കോഹ്‌ലി 16 റണ്‍സെടുത്ത് മടങ്ങി.

കഴിഞ്ഞ കുറച്ചുകാലമായി ഫോമൗട്ടിലുള്ള വിരാടിനെ മാധ്യമങ്ങളും മുന്‍ താരങ്ങളും തുടര്‍ച്ചയായി വിമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ വിരാടിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് നായകന്‍ രോഹിത് ശര്‍മയാണ്.

വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാനും വിരാടിന് വേണ്ട പിന്തുണ നല്‍കുമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തിന് ശേഷം വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ വിരാടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴായിരുന്നു രോഹിത്തിന്റെ ക്ഷമ നശിച്ചത്.

രണ്ടാം മത്സരത്തിന് ശേഷമുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്നു രോഹിത്. സ്വാഭവികമായും വിരാടിന്റെ ഫോമിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഇത് രോഹിത്തിനെ പ്രകോപിതനാക്കുകയായിരുന്നു.

വിരാടിനെ കുറിച്ച് ഒരുപാട് ചര്‍ച്ചകളുണ്ടല്ലൊ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എന്തിനാണ് വിരാടിനെകുറിച്ച് ഒരുപാട് ചര്‍ച്ചകളെന്ന് എനിക്ക് മനസിലാകുന്നില്ല
എന്തായാലും നിങ്ങള്‍ തുടര്‍ന്നോളു എന്നാണ് രോഹിത് പറഞ്ഞത്.

‘കോഹ്ലിയുടെ നിലവാരമുള്ള ഒരു കളിക്കാരന്‍ മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് കോച്ചില്‍ നിന്നും ക്യാപ്റ്റനില്‍ നിന്നും മറ്റ് സ്റ്റാഫില്‍ നിന്നും സ്ഥാനം നല്‍കുമെന്ന ഉറപ്പ് ആവശ്യമുണ്ടോ, അതോ അവനെ വിശ്രമത്തിന് വിടുന്നതാണൊ നല്ലത്?’ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പിന്നീട് ചോദിച്ചത്.

കോഹ്‌ലിയെ അനുകൂലിച്ചുകൊണ്ടായിരുന്നു രോഹിത് ഇതിന് മറുപടി നല്‍കിയത്. കോച്ചും മാനേജ്‌മെന്റും വിരാടിന് പിന്തുണ നല്‍കുമെന്നും അദ്ദേഹത്തിന് ഒന്നും ആലോചിച്ച് വിഷമിക്കേണ്ട എന്നുമാണ് രോഹിത് പറഞ്ഞത്.

‘അവന്‍ വര്‍ഷങ്ങളായി നിരവധി മത്സരങ്ങള്‍ കളിച്ച് ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. അത്രയും മികച്ച ബാറ്ററാണ് അദ്ദേഹം, അതിനാല്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കേണ്ടതില്ല. കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തിലും ഫോം മുകളിലേക്കും താഴേക്കും പോകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് എല്ലാ കളിക്കാരുടെയും കരിയറിന്റെ ഭാഗവുമാണ്. ഇത് എല്ലാവരിലും സംഭവിക്കുന്നു. അതിനാല്‍, നിരവധി മത്സരങ്ങള്‍ വിജയിച്ച ഒരു കളിക്കാരന് ഒന്നോ രണ്ടോ ഇന്നിങ്‌സ് മതി മികച്ച ഫോമിലെത്താന്‍. ഇതാണ് ഞാന്‍ വിശ്വസിക്കുന്നത്, ബാക്കിയുള്ളവര്‍ക്കും അങ്ങനെ തന്നെ അനുഭവപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Rohit Sharma lost his cool as Journalists continuously asked about Virat Kohli’s form

We use cookies to give you the best possible experience. Learn more