ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കൂറ്റന്‍ പരാജയമേറ്റുവാങ്ങിയതോടെ ഇന്ത്യക്ക് പരമ്പരയില്‍ ലീഡ് നഷ്ടപ്പെട്ടിരിക്കുകയാണ്. പെര്‍ത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഒരു ഘട്ടത്തില്‍ ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേടും ഇന്ത്യ മുമ്പില്‍ കണ്ടിരുന്നു. എന്നാല്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യക്ക് തുണയായത്.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്ട്രേലിയ: 337 & 19/0 (T: 19)
ഈ മത്സരത്തിന് പിന്നാലെ രോഹിത് ശര്‍മയുടെ പേരില്‍ നിരവധി അനാവശ്യ റെക്കോഡുകളും കുറിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ ടെസ്റ്റ് തോല്‍വികളുടെ മോശം നേട്ടമാണ് ഇതിലൊന്ന്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യ പരാജയപ്പെടുന്നത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ നായകന്‍. ഇതിന് മുമ്പ് നടന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കിവികള്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരുന്നു.
ഇതോടെ തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. എന്നാല്‍ താരം ഇവിടെ ഒറ്റയ്ക്കല്ല, തുടര്‍ച്ചയായ നാല് ടെസ്റ്റ് തോല്‍വികള്‍ വഴങ്ങിയ മുന്‍ നായകന്‍മാരായ വിരാട് കോഹ്‌ലിയും എം.എസ്. ധോണിയും കൂട്ടിനുണ്ട്.
തുടര്‍ച്ചയായി ആറ് ടെസ്റ്റ് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാം സ്ഥാനത്താകട്ടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും.
(ക്യാപ്റ്റന്‍ – പരാജയപ്പെട്ട മത്സരങ്ങള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 6 – 1967/68
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5 – 1999 / 00
ദത്ത ഗെയ്ക്വാദ് – 4 – 1959
എം.എസ്. ധോണി – 4 – 2011
എം.എസ്. ധോണി – 4 – 2014
വിരാട് കോഹ്‌ലി – 4 – 2020/21
രോഹിത് ശര്‍മ – 4 – 2024*
അഡ്‌ലെയ്ഡില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സില്‍ വെറും 180 റണ്‍സിന് പുറത്തായി. സൂപ്പര്‍ താരം യശസ്വി ജെയ്സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒറ്റയക്കത്തിനും പുറത്തായി. 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യയെന്ന വന്‍മരം വേരോടെ കടപുഴകി വീണത്. യശസ്വി ജെയ്സ്വാളിന്റെതടക്കം ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം നേടി.
പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ഓസ്ട്രേലിയയുടെ പ്രകടനം. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ 337 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്.
141 പന്തില്‍ 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 17 ഫോറും നാല് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മാര്‍നസ് ലബുഷാന്‍ 126 പന്തില്‍ 64 റണ്‍സ് നേടിയ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 109 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നഥാന്‍ മക്സ്വീനിയും തന്റെതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.
രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. രോഹിത് ശര്‍മയും വിരാടും നിരാശപ്പെടുത്താന്‍ മത്സരിച്ചപ്പോള്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ഇന്ത്യയെ ഇന്നിങ്സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്നും കരകയറ്റിയത്.
രണ്ടാം ടെസ്റ്റില്‍ കോഹ്‌ലി 11 റണ്‍സിന് മടങ്ങിയപ്പോള്‍ വെറും ആറ് റണ്‍സാണ് ഹിറ്റ്മാന് കണ്ടെത്താന്‍ സാധിച്ചത്. നിതീഷ് കുമാര്‍ 47 പന്തില്‍ 42 റണ്‍സ് നേടി മടങ്ങി. 28 റണ്‍സ് വീതം നേടിയ ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തവരില്‍ മികച്ചുനിന്ന മറ്റുതാരങ്ങള്‍.
പാറ്റ് കമ്മിന്‍സ് ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സ്‌കോട് ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ നേടി.
ഒടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഒട്ടും പണിപ്പെടാതെ മറികടക്കുകയായിരുന്നു.
Content highlight: Rohit Sharma joins Virat Kohli and MS Dhoni in the list of most consecutive defeats for an Indian captain