| Saturday, 24th September 2022, 1:03 pm

ചരിത്ര നേട്ടത്തിന് 15 വയസ്; അന്നത്തെ ഇന്ത്യയുടെ ഹീറോ ഇന്ന് നായകനാണ്; ഇന്ന് അയാള്‍ സൂപ്പര്‍ ഹീറോയാണ് എന്നാല്‍ അന്ന് അയാള്‍ അണ്‍സങ് ഹീറോയായിരുന്നു

മുഹമ്മദ് ഫിജാസ്

ലോകക്രിക്കറ്റിലെ ഏറ്റവും വിപ്ലവകരമായ മുന്നേറ്റമാണ് ട്വന്റി-20 ക്രിക്കറ്റ്. ക്രിക്കറ്റിന്റെ ഇന്റര്‍ഫെയ്‌സ് തന്നെ മാറ്റിയെഴുതാന്‍ ട്വന്റി-20 ക്രിക്കറ്റിന് സാധിച്ചിരുന്നു. ക്രിക്കറ്റില്‍ നിലനിന്നിരുന്ന സകല ചട്ടകൂടുകളും പൊളിച്ചെഴുതാന്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ ട്വന്റി-20 ക്രിക്കറ്റിനായി.

2007ലായിരുന്നു ട്വന്റി-20 ക്രിക്കറ്റില്‍ ആദ്യമായി ലോകകപ്പ് രൂപത്തില്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അരങ്ങേറിയ ഈ ലോകകപ്പ് എക്കാലത്തെയും മികച്ച ടൂര്‍ണമെന്റുകളിലൊന്നാണ്. ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയായിരുന്നു ജേതാക്കളായത്.

രണ്ട് ടീമുകളും കട്ടക്ക് നിന്ന മത്സരത്തില്‍ അവസാന ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. അതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ആ പരാജയത്തിന് ശേഷം വിപ്ലവകരമായ മാറ്റത്തിന് ടീം ഇന്ത്യ ഒരുങ്ങുകയായിരുന്നു.

ഏകദിന ലോകകപ്പ് നഷ്ടമായ ഇന്ത്യന്‍ ടീമിനെ പൊളിച്ചെഴുതാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്നു. ട്വന്റി-20 ലോകകപ്പിന് ഒരു യുവ നിരയെ അയക്കാനായിരുന്നു ടീമിന്റെ തീരുമാനം. അന്നത്തെ യുവതാരമായ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ നായകനാക്കാന്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ നിര്‍ദേശിക്കുന്നു.

ആ നിര്‍ദേശം ഏറ്റെടുത്ത ബി.സി.സി.ഐ ധോണിയെ നായകനാക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ തീരുമാനം.

ആ ലോകകപ്പ് ഫൈനലില്‍ ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെയായിരുന്നു ഇന്ത്യ നേരിട്ടത്. ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വിജയിച്ചിരുന്നു. ഫൈനലിലും അത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഒട്ടും എളുപ്പമല്ലായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 158 റണ്‍സായിരുന്നു പാകിസ്ഥാന് മുമ്പില്‍ വെച്ച ടാര്‍ഗറ്റ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ തന്നെ പോരാടി. ഒടുവില്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ പാകിസ്ഥാന് 12 റണ്‍സ് വേണമായിരുന്നു.

ജോഗിന്ദര്‍ ശര്‍മയുടെ ആദ്യ പന്തില്‍ തന്നെ മിസ്ബാഹുല്‍ ഹഖ് സിക്‌സര്‍ നേടി ഇന്ത്യന്‍ ടീമിനെ മൊത്തത്തില്‍ പ്രഷറാക്കിയിരുന്നു. അടുത്ത പന്തും ബൗണ്ടറി നേടി കളിപിടിക്കാമെന്ന് കരുതി പുറകിലേക്ക് മിസ്ബ സ്‌കൂപ്പ് ചെയ്യുന്നു. എന്നാല്‍ മിസ്ബായുടെ കണക്കുക്കൂട്ടലുകള്‍ തെറ്റി ഷോര്‍ട്ട് തേര്‍ഡ്മാനില്‍ നിന്നും ശ്രീശാന്ത് ക്യാച്ചെടുക്കുന്നു.

ഇതായിരുന്നു ഇന്ത്യയുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് വിജയം. ബൗള്‍ ചെയ്ത ജോഗിന്ദറും ക്യാച്ചെടുത്ത ശ്രീശാന്തും ക്യാപ്റ്റന്‍ ധോണിക്കും എല്ലാം ആ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. ഇന്ത്യക്കായി 75 റണ്‍സ് നേടിയ ഗംഭീറും ഇന്ത്യയുടെ ഹീറോയായിരുന്നു.

എന്നാല്‍ ആരും അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത, മത്സരത്തിന്റെ മൊമന്റം തന്നെ മാറ്റിയ ഒരു അണ്‍സങ് ഹീറോ ആ മത്സരത്തിലുണ്ടായിരുന്നു. ഇന്നയാള്‍ ഇന്ത്യന്‍ ടീമിന്റെ നായകനാണ്. ട്വന്റി-20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി അയാള്‍ വളര്‍ന്നു. പേര് രോഹിത് ശര്‍മ.

അന്നായള്‍ക്ക് 20 വയസായിരുന്നു. പൊടിപയ്യന്‍, എന്നാല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ രോഹിത് അങ്ങനെയല്ലായിരുന്നു. ലോകകപ്പ് ഫൈനലായിട്ടും എതിരെ പാകിസ്ഥാനായിട്ടും അയാള്‍ കൂളായി നിന്നു.

ഒരറ്റത്ത് ഗംഭീര്‍ മികച്ച ഇന്നിങ്‌സ് കളിക്കുന്നുണ്ടെങ്കിലും മറുവശത്ത് ഇന്ത്യന്‍ ബാറ്റര്‍മാരെല്ലൊം പരാജിതരാകുന്ന ടൈമിലായിരുന്നു രോഹിത് ഗ്രീസിലെത്തിയത്. എന്നാല്‍ ടീമിലെ പ്രായം കുറഞ്ഞ താരമായിട്ടും അദ്ദേഹം ആ മത്സരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

140 പോലും കടക്കുമോ എന്ന് സംശയിച്ചിരുന്ന ഇന്ത്യന്‍ ടീമിനെ അയാള്‍ 157 റണ്‍സിലെത്തിച്ചു. 16 പന്ത് നേരിട്ട രോഹിത് 30 റണ്‍സ് നേടിയായിരുന്നു ആ മത്സരം ഫിനിഷ് ചെയ്തത്.

ഇന്ന് രോഹിത് സൂപ്പര്‍ താരമാണ് അയാള്‍ക്ക് ട്വന്റി-20യില്‍ ഒരുപാട് സെഞ്ച്വറികളുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ടി-20 ഇന്നിങ്‌സ് എതാണെന്ന് ചോദിച്ചാല്‍ ഈ 30 റണ്‍സായിരിക്കും. ഒരുപക്ഷെ ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്ത 30 റണ്ണുകള്‍.

ഇന്ന് ക്രിക്കറ്റ് ഒരുപാട് വളര്‍ന്നു മത്സരങ്ങള്‍ കൂടുതല്‍ കടുപ്പമായി. ഒരുപാട് താരങ്ങള്‍ ടീമില്‍ ഇടം ലഭിക്കാനായുള്ള പോരാട്ടത്തിലാണ്. എന്നാല്‍ രോഹിത് അല്‍പ്പം പോലം മാറിയിട്ടില്ല, ഒരു ടീം പ്ലെയറായി നെടുംതൂണായി അയാള്‍ ഇന്നും നിലകൊള്ളുന്നു.

Content Highlight: Rohit Sharma Is unsung hero of ICC t20 Worldcup final 2007

മുഹമ്മദ് ഫിജാസ്

We use cookies to give you the best possible experience. Learn more