| Wednesday, 11th September 2024, 3:58 pm

രോഹിത്തിനെ കൊണ്ട് മാത്രം സാധിക്കുന്നത്; 37ാം വയസിലും ഇങ്ങേര് തന്നെ ക്രിക്കറ്റിലെ കിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ പുതുക്കിയ റാങ്കിങ് പുറത്തുവിട്ടിരിക്കുകയാണ്. ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഏകദിന റാങ്കിങ്ങില്‍ ബാബര്‍ അസവും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, സ്റ്റീവ് സ്മിത് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

രോഹിത് മാത്രമല്ല യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ഉസ്മാന്‍ ഖവാജ, മുഹമ്മദ് റിസ്വാന്‍, മാര്‍നസ് ലബുഷാന്‍, ബാബര്‍ അസം എന്നിവരും ആറ് മുതല്‍ 11 വരെ യഥാക്രമം ഓരോ സ്ഥാനം മെച്ചപ്പെടുത്തി.

ഇംഗ്ലണ്ട് സൂപ്പര്‍ ഹാരി ബ്രൂക്കിനാണ് വന്‍ തിരിച്ചടിയേറ്റത്. ഏഴ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് താരം 12ലേക്ക് വീണു.

ഏകദിന റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ആദ്യ 25 സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്.

രോഹിത് ശര്‍മ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഗില്‍ മൂന്നാം റാങ്കിലും കോഹ്‌ലി നാലാം റാങ്കിലും നിലയുറപ്പിക്കുകയാണ്.

ഏകദിന റാങ്കിലും ടെസ്റ്റ് റാങ്കിലും ആദ്യ അഞ്ചില്‍ ഇടം നേടിയ ഏക താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ഈ റാങ്കിങ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഏകദിന റാങ്കിങ്ങിന് സമാനമായി ടി-20 റാങ്കിങ്ങിലും മിക്ക താരങ്ങളും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുതകയാണ്. ട്രാവിസ് ഹെഡാണ് ഒന്നാമത്.

സൂര്യകുമാര്‍ യാദവ്, ഫില്‍ സോള്‍ട്ട്, യശസ്വി ജെയ്‌സ്വാള്‍, ബാബര്‍ അസം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ താരങ്ങള്‍.

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക

Content highlight: Rohit Sharma is the only batter currently in the Top 5 in ODI & Test ranking.

We use cookies to give you the best possible experience. Learn more