| Thursday, 18th January 2024, 11:59 am

ആറിന്റെ നിറവിൽ രോഹിത്; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ 3-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടു സൂപ്പര്‍ ഓവറുകള്‍ കണ്ട ആവേശകരമായ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 69 പന്തിൽ പുറത്താവാതെ 121 റണ്‍സ് നേടിയായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 11 ഫോറുകളുടെയും എട്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇത് മത്സരത്തില്‍ രോഹിത് ശര്‍മയെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത്തിന്റെ പേരില്‍ ഉള്ളത്. ആറ് തവണയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത്തിന് പുറകില്‍ മൂന്നുതവണ പ്ലേയര്‍ ഓഫ് ദ മാച്ച് ലഭിച്ച വിരാട് കോഹ്‌ലിയും രണ്ട് തവണ നേട്ടം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവുമാണ് ഉള്ളത്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നായകന് പുറമേ റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു. അവസാനം സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരം ഇന്ത്യ പത്ത് റണ്‍സിന് സ്വന്തമാക്കുകയായിരുന്നു.

Content Highlight: Rohit sharma is the Most Player Of The Match awards by an Indian captain in T20.

We use cookies to give you the best possible experience. Learn more