|

വിശ്വസിച്ചാലും ഇല്ലെങ്കിലും; 100 ടി-20 ജയിച്ച ആദ്യ താരവും ഏക താരവും രോഹിത് ശര്‍മയാണ്; ടെസ്റ്റിലും ഏകദിനത്തിലുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ചരിത്രത്തിലെ മറ്റൊരു ഐതിഹാസിക നേട്ടത്തില്‍ കൂടി തന്റെ പേരെഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിജയങ്ങളില്‍ പങ്കാളിയായ താരം എന്ന അത്യപൂര്‍വ റെക്കോഡാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന്‍ പുതിയ നേട്ടത്തിന്റെ കൊടുമുടി താണ്ടിയത്.

ഇന്ത്യക്കൊപ്പം 149 മത്സരത്തിലാണ് രോഹിത് ശര്‍മ കളത്തിലിറങ്ങിയത്. അതായത് ഇന്ത്യ ആകെ കളിച്ച 217 മത്സരത്തില്‍ 149ലും രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യ ഇതുവരെ 139 മത്സരത്തില്‍ വിജയിച്ചപ്പോള്‍ അതില്‍ നൂറിലും നിലവിലെ നായകന്‍ ടീമിന്റെ ഭാഗമായിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ വിജയത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരവും ഏക താരവുമാണ് രോഹിത്. 2007ല്‍ ആരംഭിച്ച തന്റെ ടി-20 കരിയര്‍ രോഹിത് ഇന്നും തുടരുകയാണ്.

ഏറ്റവുമധികം ടി-20 വിജയങ്ങളുടെ ഭാഗമായ താരങ്ങള്‍

(താരം – രാജ്യം – മത്സരം – വിജയം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 149 – 100*

ഷോയ്ബ് മാലിക് – പാകിസ്ഥാന്‍ – 111 – 87

വിരാട് കോഹ്‌ലി – ഇന്ത്യ – 115 – 73*

മുഹമ്മദ് ഹഫീസ് – പാകിസ്ഥാന്‍ – 119 – 71

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 112 – 70*

ടി-20യില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയെടുത്താലും രോഹിത് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

(താരം – ടീം – സ്പാന്‍ – ആകെ കളിച്ച മത്സരം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 2007-2024 – 149

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 2009-2023 – 134

ജോര്‍ജ് ഡോക്രല്‍ – അയര്‍ലന്‍ഡ് – 2010-2023 – 128

ഷോയ്ബ് മാലിക് – പാകിസ്ഥാന്‍/ഐ.സി.സി – 2006-2021 – 124

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 2009-2022 – 122

മഹ്‌മദുള്ള – ബംഗ്ലാദേശ് – 2007-2022 – 121

ടി-20യില്‍ ആദ്യമായി 100 ടി-20 മത്സരം വിജയിച്ചതിന്റെ റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയതിന് പിന്നാലെ ഏകദിനത്തിലും ടെസ്റ്റിലും ഈ നേട്ടം സ്വന്തമാക്കിയ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ക്രിക്കറ്റ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സാണ് ഏകദിനത്തില്‍ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. റെഡ് ബോള്‍ ഫോര്‍മാറ്റിലാകട്ടെ റിക്കി പോണ്ടിങ്ങും.

അതേസമയം, ആദ്യ ടി-20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലാണ്. ജനുവരി 14നാണ് അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma is the first player to win 100 T20 matches

Latest Stories