ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന 2023 ക്രിക്കറ്റ് കലണ്ടര്‍ അവസാനത്തോട് അടുക്കുകയാണ്. ഐ.സി.സി ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമടക്കം ബിഗ് ഇവന്റുകളും ബൈലാറ്ററല്‍ സീരീസുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരേ സമയം കയ്പും മധുരവും നിറഞ്ഞ വര്‍ഷമായിരുന്നു 2023. ബൈലാറ്ററല്‍ സീരീസുകളും ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുമടക്കമുള്ള പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ട് ഐ.സി.സി ട്രോഫികള്‍ ഇന്ത്യക്ക് കയ്യകലത്ത് നിന്നും നഷ്ടമായിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യയുടെ കണ്ണീര്‍ ആദ്യം വീണത്. 2023 ലോകകപ്പ് ഫൈനലിലും അതുതന്നെ ആവര്‍ത്തിച്ചു. രണ്ട് തവണയും ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കരയിച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഐ.സി.സി കിരീടങ്ങളില്ലെങ്കിലും ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ചരിത്രവും സൃഷ്ടിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പങ്കും ഏറെ വലുതായിരുന്നു.
ക്യാപ്റ്റന്‍സിയെന്ന ചുമതലയുള്ളപ്പോഴും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ രോഹിത് അഗ്രഗണ്യനായിരുന്നു. ഇത് അടിവരയിടുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2023ല്‍ ഇതുവരെ ഏറ്റവുമധികം ഇന്റര്‍നാഷണല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് നേടിയത്. 1,795 റണ്‍സാണ് അന്താരാഷ്ട്ര തലത്തില്‍ രോഹിത് നേടിയത്. ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ശുഭ്മന്‍ ഗില്ലിനും വിരാട് കോഹ്‌ലിക്കും ഡാരില്‍ മിച്ചലിനും ശേഷം നാലാമന്‍ കൂടിയാണ് രോഹിത്.
നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത് ഈ വര്‍ഷം നേടിയത്.
1,588 റണ്‍സ് നേടിയ യു.എ.ഇ നായകന്‍ മുഹമ്മദ് വസീമാണ് ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയിലെ രണ്ടാമന്‍. 37 മത്സരത്തില്‍ നിന്നും 36.09 എന്ന ശരാശരിയിലാണ് താരത്തിന്റെ റണ്‍ നേട്ടം. ഒരു സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയുമാണ് ഈ വര്‍ഷത്തില്‍ വസീമിന്റെ സമ്പാദ്യം.
ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള നായകന്‍മാര്‍ ഇവര്‍ മാത്രമാണ്. 1,322 റണ്‍സടിച്ച ബാബര്‍ അസമാണ് ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് ക്യാപ്റ്റന്‍.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം ഡിസംബറില്‍ നടക്കാനിരിക്കെ രോഹിത്തിന്റെ റണ്‍ നേട്ടവും ഉയരുമെന്നുറപ്പാണ്.
Content highlight: Rohit Sharma is the captain of most international runs in 2023