| Wednesday, 5th October 2022, 7:35 am

എന്നാലും എന്റെ രോഹിത്തേ... ചരിത്ര നേട്ടത്തിലും നാണക്കേടായി ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം അരങ്ങേറിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. 49 റണ്‍സിനായിരുന്നു പ്രോട്ടീസിന്റെ വിജയം. ഇതോടെ പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യയുടെ മോഹം പാളി.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റി. ഓപ്പണറായി ഇറങ്ങിയ ക്വിന്റണ്‍ ഡി കോക്ക് സൗത്ത് ആഫ്രിക്കക്കായി അടിച്ചുകളിച്ചു. നായകന്‍ തെംബ ബാവുമ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. എട്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായാണ് ബാവുമ പുറത്തായത്.

ബാവുമക്ക് പിന്നാലെ വണ്‍ ഡൗണായെത്തിയ റിലി റൂസോ വെടിക്കെട്ടിന് തിരികൊളുത്തി. 48 പന്തില്‍ നിന്നും 100 റണ്‍സുമായി റൂസോ പുറത്താവാതെ നിന്നു. പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഡേവിഡ് മില്ലറും മോശമാക്കാതിരുന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ 227ലേക്കുമയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവരില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യ ഞെട്ടിയിരുന്നു. നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കിക്കൊണ്ട് കഗീസോ റബാദയാണ് പ്രോട്ടീസിന് കരുത്തായത്. സ്‌കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍സ് പോലും ചേര്‍ക്കാതെയാണ് താരം പുറത്തായത്.

സഹ ഓപ്പണര്‍ റിഷബ് പന്ത് 14 പന്തില്‍ നിന്നും 27 റണ്‍സുമായി പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ വീണ്ടും നിരാശപ്പെടുത്തി.

നാലാം നമ്പറിലിറങ്ങിയ ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്നിങ്‌സ് മാത്രമാണ് ഇന്ത്യക്ക് ഓര്‍ക്കാനുണ്ടായിരുന്നത്. 21 പന്തില്‍ നിന്നും 46 റണ്‍സുമായാണ് താരം പുറത്തായത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു ഡി.കെ മടങ്ങിയത്.

ഒമ്പതാമനായി ഇറങ്ങിയ ദീപ്ക് ചഹര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. 17 പന്തില്‍ നിന്നും 31 റണ്‍സുമായാണ് ചഹര്‍ പുറത്തായത്.

ഒടുവില്‍ 19ാം ഓവറിലെ മൂന്നാം പന്തില്‍ സിറാജ് പുറത്തായപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 178ല്‍ അവസാനിച്ചു.

കഴിഞ്ഞ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ഡക്കാവുന്ന താരം എന്ന തന്റെ തന്നെ മോശം റെക്കോഡ് ഉറപ്പിക്കാനും രോഹിത്തിനായി. കഴിഞ്ഞ മത്സരത്തിലേതുള്‍പ്പടെ പത്ത് തവണയാണ് താരം ഡക്കായത്.

അഞ്ച് തവണ പൂജ്യത്തിന് പുറത്തായ കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ നിരയില്‍ ഈ മോശം റെക്കോഡിന് അര്‍ഹനായിട്ടുള്ള രണ്ടാമന്‍. നാല് തവണ ഡക്കായ കോഹ്‌ലി മൂന്നാമതും മൂന്ന് തവണ ഡക്കായ റിഷ്ബ് പന്ത്, സുരേഷ് റെയ്‌ന എന്നിവര്‍ നാലാമതുമുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ജയിക്കാന്‍ ഇന്ത്യക്കായി.

ഒക്ടോബര്‍ ആറിന് നടക്കുന്ന ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ശിഖര്‍ ധവാനാണ് ഏകദിന പരമ്പരയില്‍ ഇന്ത്യ നയിക്കുന്നത്.

Content Highlight: Rohit Sharma is once again out for zero in T20

We use cookies to give you the best possible experience. Learn more