| Saturday, 27th August 2022, 7:18 pm

വിരാടിന്റെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്; ഇന്ത്യ-പാക് പോരാട്ടം മുറുകും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് പാകിസ്ഥാനുമായി ഏഷ്യാ കപ്പില്‍ നടക്കാനിരിക്കുന്നത്. 2021 ട്വന്റി -20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഏറ്റ 10 വിക്കറ്റിന്റെ തോല്‍വി ഭാരത്തില്‍ നിന്നും കര കയറാന്‍ ലക്ഷ്യമിട്ടാണ് നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം നാളെ കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ ലോകകപ്പിന് ശേഷം വിരാട് കോഹ്ലിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ടി-20 നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ വിരാടിന്റെ ക്യാപറ്റന്‍സി റെക്കോര്‍ഡിന് തൊട്ടരികെയാണ്.

ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിപ്പിച്ച നായകന്‍മാരുടെ ലിസ്റ്റിലാണ് രോഹിത് വിരാടിന്റെ റെക്കോഡിന് പിറകിലുള്ളത്.

ഇന്ത്യന്‍ ക്യാപ്റ്റനായി 50 മത്സരങ്ങളില്‍ നിന്ന് 30 വിജയങ്ങള്‍ വിരാട് കോഹ്‌ലി നേടിയപ്പോള്‍ നിലവില്‍ രോഹിത് 35 മത്സരങ്ങളില്‍ നിന്ന് 29 വിജയം സ്വന്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാനെതിരായ മത്സരത്തിലും കൂടെ വിജയിച്ചാല്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ കുടുതല്‍ വിജയം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെടുക. ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍മാരുടെ പട്ടികയില്‍ വിരാടിനൊപ്പം രണ്ടാമതെത്താന്‍ സാധിക്കും.

പാകിസ്ഥാനെതിരെയുള്ള മത്സരം എന്തുകൊണ്ടും രോഹിത്തിനും ഇന്ത്യന്‍ ടീമിനും വളരെ വിലപ്പെട്ടതാണ്. ലോകകപ്പിന്റെ കര്‍ട്ടന്‍ റേസേറായിട്ടാണ് ഏഷ്യാ കപ്പിനെ കണക്കാക്കുന്നത്. ഏഷ്യാ കപ്പില്‍ വിജയിച്ചാല്‍ ലോകകപ്പിന് മുമ്പ് ടീമിന് വലിയ കോണ്‍ഫിഡന്‍സായിരിക്കുമത്. നിലവില്‍ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്.

സിംബാബ്‌വെക്കെതിരെയുളള ഏകദിന പരമ്പര തൂത്തുവാരിയതിന്റെ കോണ്‍ഫിഡന്‍സിലാണ് ടീം കളത്തിലിറങ്ങുന്നത്.

അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനായാല്‍ രോഹിത് ശര്‍മക്ക് വന്നു ചേരുന്നത് ചരിത്ര നേട്ടമാണ്.

ഇന്ത്യന്‍ ട്വന്റി-20 നായകന്‍മാരില്‍ 50 മത്സരങ്ങളില്‍ നിന്ന് 30 വിജയങ്ങള്‍ കോഹ്‌ലി നേടിയപ്പോള്‍ 72 മത്സരങ്ങളില്‍ നിന്ന് 41 വിജയങ്ങളുമായി എം.എസ്. ധോണിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാനും മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗനുമാണ് 42 വിജയങ്ങളുമായി ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവവും കൂടുതല്‍ മത്സരം വിജയിപ്പിച്ച നായകന്‍മാര്‍. എന്നാല്‍ ഇരുവര്‍ക്കും ടീമിനായി ട്വന്റി-20 ലോകകപ്പ് നേടികൊടുക്കാന്‍ സാധിച്ചിട്ടില്ല.

ഓഗസ്റ്റ് 28ന് രാത്രി 7.30ക്കാണ് ഇന്ത്യ-പാക് പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുക.

Content Highlight: Rohit Sharma is getting Ready to break Virat Kohli’s captaincy record

We use cookies to give you the best possible experience. Learn more