പിറന്നാളാണ്! കണ്ടറിയണം സഞ്ജൂ, നിങ്ങള്‍ക്കിന്നെന്ത് സംഭവിക്കുമെന്ന്; 2022 ആവര്‍ത്തിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി മുംബൈ ആരാധകര്‍
IPL
പിറന്നാളാണ്! കണ്ടറിയണം സഞ്ജൂ, നിങ്ങള്‍ക്കിന്നെന്ത് സംഭവിക്കുമെന്ന്; 2022 ആവര്‍ത്തിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി മുംബൈ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 4:48 pm

ഐ.പി.എല്‍ 2023ലെ തങ്ങളുടെ എട്ടാമത് മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലേതെന്ന പോലെ ഈ സീസണിലും ആവര്‍ത്തിക്കുന്ന മോശം ഫോമില്‍ നിന്നും മറികടക്കാന്‍ രോഹിത്തിനും സംഘത്തിനും വിജയം അനിവാര്യമാണ്.

സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ നാലിലും തോറ്റ് പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായാണ് മുംബൈ ഉഴറുന്നത്. അഞ്ച് തവണ കിരീടം നേടിയതിന്റെ പേരും പെരുമയും മാത്രമാണ് കുറച്ചു കാലമായി മുംബൈക്ക് പറയാനുള്ളത്.

നായകന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനവും ടീമിന് തിരിച്ചടിയാകുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നേടിയ എട്ട് പന്തിലെ രണ്ട് റണ്‍സടക്കം സീസണില്‍ താരം ആകെ നേടിയത് 181 റണ്‍സാണ്.

രോഹിത് ശര്‍മയുടെ തിരിച്ചുവരവിന് മാത്രമേ നിലവിലെ അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിന് തുണയാകൂ.

തന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ മൊമെന്റുകളിലെല്ലാം തന്നെ രോഹിത് ശര്‍മ മികച്ച പ്രകടനം പുറത്തെടുത്തതാണ് ആരാധകരെ അപ്പോള്‍ ആവേശത്തിലാഴ്ത്തുന്നത്. തന്റെ വിവാഹ വാര്‍ഷികത്തിലും പങ്കാളിയുടെ പിറന്നാളിലുമെല്ലാം രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്ന വമ്പന്‍ സ്‌കോറുകളാണ് ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്.

ഏപ്രില്‍ 30ന് തന്റെ 36ാം പിറന്നാളിലാണ് രോഹിത് ശര്‍മ രാജസ്ഥാനെതിരെ വാംഖഡെയില്‍ കളത്തിലിറങ്ങുന്നത്. ഫോം ഔട്ടില്‍ നിന്നും മടങ്ങിവരാന്‍ ഒരുങ്ങുന്ന രോഹിത്തിന് തകര്‍ത്തടിക്കാന്‍ ഇതിലും മികച്ച അവസരം വേറെയില്ലെന്നും കട്ടക്ക് കട്ടക്ക് നില്‍ക്കാന്‍ രാജസ്ഥാനല്ലാതെ മറ്റൊരു എതിരാളിയില്ലെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ മൊമെന്റ്‌സ് ഇന്നിങ്‌സുകളെ ആഘോഷിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഹിറ്റ്മാന്‍ പുറത്തായത് ആരാധകര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ടാകും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെയായിരുന്നു എതിരാളികള്‍. ആ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടിയാണ് രോഹിത് ശര്‍മ പുറത്തായത്. ആര്‍. അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ആ മത്സരത്തില്‍ വിജയിക്കാനായി എന്നത് മാത്രമാണ് മുംബൈക്ക് ആശ്വാസമായത്.

 

 

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ മില്ലേനിയം മാച്ചാണ് ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. നിലവില്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സാധ്യകള്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമാണ്.

 

Content Highlight: Rohit Sharma is all set to play against Rajasthan on his 36th birthday