| Tuesday, 26th September 2023, 4:03 pm

രോഹിത് റാംപെയ്ജില്‍ ദാദ പടിയിറങ്ങുമോ? ലോര്‍ഡ്‌സ് കീഴടക്കിയ ഗാംഗുലിക്ക് ഈ തോല്‍വിയില്‍ അഭിമാനിക്കാനേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. ഏറെ നാളായുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള സാധ്യതകളാണ് ഇന്ത്യക്ക് മുമ്പില്‍ തുറന്നിരിക്കുന്നത്. 2011ന് ശേഷം ആദ്യമായി ഇന്ത്യ ലോകകപ്പിന് വേദിയാകുമ്പോള്‍ 2013ന് ശേഷമുള്ള ആദ്യ ഐ.സി.സി കിരീടമാണ് മെന്‍ ഇന്‍ ബ്ലൂ ലക്ഷ്യമിടുന്നത്.

ഇത്തവണ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ഫോമിലേക്ക് മടങ്ങിയെത്തിയതും ബൗളിങ് നിര സ്ഥിരതയോടെ പന്തെറിയുകയും ചെയ്യുന്നതാണ് ഇന്ത്യക്ക് പ്രതീക്ഷയേറ്റുന്നത്.

ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ കിരീടമുയര്‍ത്തിയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയതും ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ബാറ്റിങ് നിരയെ മുമ്പില്‍ നിന്നും നയിക്കാന്‍ ഒരുങ്ങുന്നത്. ധോണിക്ക് ശേഷം ലോകകപ്പുയര്‍ത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത്തിനെ കാത്തിരിക്കുമ്പോള്‍ രണ്ട് തവണ ലോകചാമ്പ്യനായ ഏക ഇന്ത്യന്‍ താരമെന്ന റെക്കോഡ് വിരാടിനെയും കാത്തിരിക്കുന്നുണ്ട്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ ബാറ്റിങ് റെക്കോഡും രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡാണ് ഹിറ്റ്മാന് മുമ്പിലുള്ളത്.

ഈ ലോകകപ്പില്‍ 16 സിക്‌സര്‍ നേടിയാല്‍ രോഹിത് ശര്‍മക്ക് ഈ റെക്കോഡ് തന്റെ പേരിലെഴുതിച്ചേര്‍ക്കാന്‍ സാധിക്കും. 15 സിക്‌സര്‍ നേടിയ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് ഇതോടെ തകര്‍ക്കപ്പെടുക.

2003 ലോകകപ്പിലാണ് ഗാംഗുലി ഈ റെക്കോഡ് നേടിയത്. ഫൈനലില്‍ നേടിയ ഒരു സിക്‌സറടക്കം 15 മാക്‌സിമമാണ് ബംഗാള്‍ ടൈഗര്‍ 2003 ലോകകപ്പില്‍ നേടിയത്. ഈ റെക്കോഡാണ് ഇപ്പോള്‍ രോഹിത്തിന് മുമ്പിലുള്ളത്.

1983ല്‍ കപില്‍ ദേവ് നേടിയ ഏഴ് സിക്‌സറിന്റെ റെക്കോഡാണ് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ദാദ അന്ന് മറികടന്നത്. 2003ന് ശേഷം, വീണ്ടും മറ്റൊരു 20 വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ ദാദയുടെ റെക്കോഡ് തകരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

20 വര്‍ഷത്തോളം ഗാംഗുലി ശിരസിലണിഞ്ഞ ആ കിരീടം ഇത്തവണ രോഹിത്തിന് കൈമാറുമോ അതോ പുതിയ അവകാശിക്കായി മറ്റൊരു നാല് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമോ എന്നത് കണ്ടറിയണം.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – ലോകകപ്പ് – ആകെ നേടിയ സിക്‌സറുകളുടെ എണ്ണം)

സൗരവ് ഗാംഗുലി – 2003 – 15

കപില്‍ ദേവ് – 1983 – 07

എം.എസ്. ധോണി – 2015 – 06

കപില്‍ ദേവ് – 1987 – 04

എം.എസ്. ധോണി – 2011 – 03

ഇതിന് പുറമെ മറ്റൊരു റെക്കോഡും രോഹിത്തിന്റെ കയ്യകലത്തുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡാണ് രോഹിത്തിന് മുമ്പിലുള്ളത്. വരും മത്സരങ്ങളില്‍ വെറും ഒമ്പത് സിക്‌സര്‍ കൂടി നേടിയാല്‍ 553 സിക്‌സറുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്രിസ് ഗെയ്‌ലിനെ ഹിറ്റ്മാന് മറികടക്കാം.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലാണ് രോഹിത് ഇനി കളിക്കുക. സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലാണ് ഡെഡ് റബ്ബര്‍ മാച്ച്.

Content highlight: Rohit Sharma is all set to brake Sourav Ganguly’s record

We use cookies to give you the best possible experience. Learn more