| Tuesday, 14th November 2023, 5:31 pm

'ഒന്നും ഫൈനലിലേക്ക് ബാക്കി വെക്കേണ്ട'; സെമി ഫൈനലില്‍ ലോകകപ്പിന്റെ ചരിത്രം തിരുത്താന്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിന് മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. പരാജയമറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ സെമി ഫൈനലിലും അതേ ഡോമിനേഷന്‍ ആവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ 15ന് വാംഖഡെ സ്റ്റേഡിയമാണ് ഈ സ്റ്റാര്‍ സ്റ്റഡ്ഡഡ് പോരാട്ടത്തിന് വേദിയാകുന്നത്.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് ഒരു അത്യപൂര്‍ നേട്ടം ഒരുങ്ങുന്നുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന നേട്ടമാണ് രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്.

നിലവില്‍ ലോകകപ്പില്‍ 47 സിക്‌സറുകള്‍ നേടിയ രോഹിത്തിന് വെറും മൂന്ന് സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍  പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

49 സിക്‌സറുമായി കരീബിയന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍.

ലോകകപ്പുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – ഇന്നിങ്‌സ് – സിക്‌സറുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 34 – 49

രോഹിത് ശര്‍മ – ഇന്ത്യ – 26 – 47

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 23 – 43

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 22 – 37

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 27 – 37

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 42- 31

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 20 – 30

ഈ ലോകകപ്പില്‍ ഇതുവരെ ഒമ്പത് മത്സരത്തില്‍ നിന്നും 24 സികസറുകളാണ് രോഹിത് നേടിയത്. രണ്ടാം സ്ഥാനത്തുള്ളതാകട്ടെ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടക്കാന്‍ അടുത്ത സാധ്യത കല്‍പിക്കുന്ന ഗ്ലെന്‍ മാക്‌സ് വെല്ലും. ഏഴ് ഇന്നിങ്‌സില്‍ നിന്നും 22 സിക്‌സറാണ് മാക്‌സിയുടെ സമ്പാദ്യം.

സെമി ഫൈനലില്‍ തന്നെ രോഹിത് ഈ നേട്ടം കൈവരിക്കുമെന്നും ലോകകപ്പ് സിക്‌സറുകളുടെ റെക്കോഡില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Rohit Sharma is 3 sixes away from becoming the leading six hitter in the World Cup history.

We use cookies to give you the best possible experience. Learn more