Cricket
"രോഹിതിന്റെ പരിക്ക് കണ്ടെത്താന്‍ പ്രത്യേക സി.ബി.ഐ അന്വേഷണം വേണം"; വിവാദം പുകയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th November 2020, 4:19 pm

ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മ്മയുടെ പരിക്കിനെ ചൊല്ലി ക്രിക്കറ്റ് ലോകത്ത് വിവാദം. പരിക്കിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു.

ഐ.പി.എല്ലിനിടെയായിരുന്നു രോഹിതിന് പരിക്കേറ്റത്. ഇതോടെ ഒക്ടോബര്‍ 18 മുതല്‍ രോഹിത് മുംബൈയ്ക്കായി കളിച്ചിരുന്നില്ല. കെയ്‌റോണ്‍ പൊള്ളാര്‍ഡായിരുന്നു പകരം ക്യാപ്റ്റന്‍.

നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയ മുംബൈ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പ്രധാനതാരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത് ഹൈദരാബാദിനെതിരായ അപ്രധാന മത്സരത്തില്‍ കളിക്കാനിറങ്ങിയതാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റിചുളിച്ചത്.


പരിക്ക് പൂര്‍ണ്ണമായി ഭേദമാകുന്നത് വരെ വിശ്രമം വേണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും രോഹിതിനോട് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുഴുവന്‍ സമയവും പിച്ചിലുണ്ടായ രോഹിത് ശാരീരിക അസ്വസ്ഥതയുടെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രോഹിതിന്റെ പരിക്കിനെ കുറിച്ചുള്ള സംശയങ്ങളും ഉയര്‍ത്തി.


രോഹിത് ശര്‍മ്മയുടെ പരിക്ക് കണ്ടെത്താന്‍ പ്രത്യേക സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. രോഹിത് ഫിറ്റാണെങ്കില്‍ എന്തിനാണ് ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് മറ്റൊരു ചോദ്യം.

സംഭവം ഏറ്റുപിടിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും ദിലീപ് വെംഗ്‌സാര്‍ക്കാറും രംഗത്തെത്തിയിട്ടുണ്ട്. രോഹിത്തുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബി.സി.സി.ഐയ്ക്കും സെലക്ടര്‍മാര്‍ക്കും പാളിച്ച സംഭവിച്ചതായി സെവാഗ് തുറന്നടിച്ചു.

‘രോഹിത് ശര്‍മയ്ക്ക് സംഭവിച്ചതെന്തെന്ന് രവി ശാസ്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല. ഔദ്യോഗികമായി സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെങ്കില്‍ പോലും, ടീം തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടും തീര്‍ച്ചയായും സെലക്ടര്‍മാര്‍ ചോദിച്ചുകാണും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്തത്’, സെവാഗ് പറഞ്ഞു.

പണമൊഴുകുന്ന ഐ.പി.എല്ലിന് താരങ്ങള്‍ ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് വെംഗ്‌സാര്‍ക്കറുടെ വിമര്‍ശനം.

‘ചോദ്യം വളരെ ലളിതമാണ്. ഇന്ത്യയ്ക്കായി കളിക്കുന്നതിനേക്കാള്‍ രോഹിത്തിന് പ്രധാനം ഐ.പി.എല്ലാണോ? രാജ്യത്തേക്കാള്‍ രോഹിത് പ്രാധാന്യം നല്‍കുന്നത് ഐ.പി.എല്‍ ക്ലബ്ബിനാണോ? ഇക്കാര്യത്തില്‍ ബി.സി.സി.ഐ കൃത്യമായ നടപടി സ്വീകരിക്കുമോ? അതോ രോഹിത്തിന്റെ പരുക്കിന്റെ ഗൗരവം മനസ്സിലാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം ഫിസിയോയ്ക്ക് പിഴവു സംഭവിച്ചതാണോ?’, വെംഗ്‌സാര്‍ക്കാര്‍ ചോദിച്ചു.

ആസ്‌ട്രേലിയയ്ക്കെതിരെ മൂന്നു വീതം ഏകദിന, ടി-20 മത്സരങ്ങളും നാലു ടെസ്റ്റുകളും കളിക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്നാണ് രോഹിത്തിനെ പൂര്‍ണമായി ഒഴിവാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rohit Sharma Injury IPL 2020 BCCI