ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ഇന്ത്യ ആദ്യ ദിനം തന്നെ പുറത്താക്കിയിരിക്കുകയാണ്. 65.4 ഓവറില്‍ 235 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്.
നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ വെറും 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. കിവീസിന് വേണ്ടി ക്യാപ്റ്റന്‍ രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തി തുടക്കമിട്ടത് മാറ്റ് ഹെന്റിയാണ്. ടോം ലാഥത്തിന്റെ കയ്യിലെത്തുകയായിരുന്നു രോഹിത്. ഇതോടെ ഒരു മോശം റെക്കോഡും രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. 2024ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 20 റണ്‍സിന് താഴെ നേടി വിക്കറ്റാകുന്ന ഇന്ത്യന്‍ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. 11 തവണയാണ് രോഹിത് 20 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്ത് മടങ്ങുന്നത്.
രോഹിത് ശര്‍മ – 11*
ജസ്പ്രീത് ബുംറ – 8
ആര്‍. അശ്വിന്‍ – 8
രവിന്ദ്ര ജഡേജ – 8
മത്സരത്തില്‍ രോഹിത്തിന് ശേഷം യശസ്വി ജെയ്‌സ്വാള്‍ (30), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്‌ലി (4 റണ്‍ ഔട്ട്) എന്നിവരെയാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടപ്പെട്ടത്. മാത്രമല്ല ബൗളറായ മുഹമ്മദ് സിറാജിനെ നാലാമനായി കൊണ്ടുവന്ന ആശയവും ഇന്ത്യയ്ക്ക് സ്ഥിരത നല്‍കിയില്ല. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ശുഭ്മന്‍ ഗില്ലും (31), റിഷബ് പന്തുമാണ് (1). അടുത്ത ദിനത്തില്‍ ഇന്ത്യ മികച്ച പ്രതിരോധം തീര്‍ത്ത് ലീഡ് ഉയര്‍ത്തിയില്ലെങ്കില്‍ വീണ്ടും ഇന്ത്യ നാണംകെടുമെന്നത് ഉറപ്പാണ്.
രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിവികളെ തകര്‍ത്തത്. സുന്ദര്‍ രണ്ട് മെയ്ഡന്‍ അടക്കം 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒരു മെയ്ഡന്‍ അടക്കം 65 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. വില്‍ യങ് (71), ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആകാശ് ദീപ് ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വേണ്ടി വേട്ട ആരംഭിച്ചത്. കിവീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ്.
Content Highlight: Rohit Sharma In Unwanted Record Achievement In 2024 Test Cricket