|

'എട്ടടി'മൂര്‍ഖന്റെ കടിയില്‍ കങ്കാരുപ്പട ചത്തു; ഹിറ്റ്മാന്റെ വിളയാട്ടത്തില്‍ തകര്‍ന്നത് ഗെയ്‌ലും!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്.
സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിയിരിക്കുകയാണ്. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.

41 പന്തില്‍ 224.39 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. 8 സിക്‌സറുകളും 7 ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിക്കുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമനായ വിന്‍ഡീസിന്റെ കരുത്തന്‍ ക്രിസ് ഗെയ്‌ലിനേയാണ് താരം മറികടന്നത്.

ടി-20 ലോകകപ്പില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിക്കുന്ന താരം, സിക്സര്‍

രോഹിത് ശര്‍മ – 28*

ക്രിസ് ഗെയ്ല്‍ – 21

ക്വിന്റണ്‍ ഡി കോക്ക് – 20

മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. ആ ഓവറില്‍ പിറന്നതാകട്ടെ 29 റണ്‍സും.

Also Read: ഗസയിലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തുടർന്ന് ഇസ്രഈൽ; യുദ്ധ ഭൂമിയിൽ നിന്ന് കാണാതായത് 20,000ത്തിലധികം കുട്ടികൾ

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

ഓസ്ട്രേലിയയിലേക്ക് ആയി ട്രാവിസ് ഹെഡ് 43 പന്തില്‍ 76 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 28 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Rohit Sharma In Record Achievement In 2024 t20 World Cup