റണ്‍സ് അടിക്കാതെ റെക്കോഡ് നേടുന്ന മുതല്‍... ഈ ഹിറ്റ്മാനെ കൊണ്ട് തോറ്റു
Sports News
റണ്‍സ് അടിക്കാതെ റെക്കോഡ് നേടുന്ന മുതല്‍... ഈ ഹിറ്റ്മാനെ കൊണ്ട് തോറ്റു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 9:56 am

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ 42 റണ്‍സ് നേടി മുഹമ്മദ് നബി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുകേഷ് കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ശിവം ദൂബെ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ റണ്‍സ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു.

എന്നിരുന്നാലും ഇന്ത്യന്‍ നായകന്‍ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ടി ട്വന്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച താരം എന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തുന്നത്. ടി ട്വന്റിയില്‍ 100 വിജയമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

(ടി-ട്വന്റി ഐയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന താരം, മത്സരം, വിജയം എന്ന ക്രമത്തില്‍)

രോഹിത് ശര്‍മ – 149 – 100

ഷൊയ്ബ് മാലിക്ക് – 124 – 86

വിരാട് കോഹ്‌ലി – 115 – 73

മുഹമ്മദ് ഹഫീസ് – 119 – 70

മുഹമ്മദ് നബി – 113 – 70

 

 

Content Highlight: Rohit Sharma in record achievement