ഇന്നലെ പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്തു 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ചെയ്‌സിങ്ങിന് ഇറങ്ങിയ പഞ്ചാബിന് 19.1
ഓവറില്‍ 183 റണ്‍സിന് ഓള്‍ ഔട്ട് ആകേണ്ടിവന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 25 പന്തില്‍ നിന്ന് 36 റണ്‍സാണ് നേടിയത്. മൂന്ന് സിക്സറും രണ്ട് ഫോറുമാണ് രോഹിത് അടിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ഈ സീസണിലെ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് റാഞ്ചിയത്. എന്നാല്‍ രോഹിത്തിന് തൊട്ട് പുറകെ കൊല്‍ക്കത്തയുടെ സ്റ്റാര്‍ ഓപ്പണര്‍ സുനില്‍ നരയ്ന്‍ ഉണ്ട്.
രോഹിത്തിന് പുറമെ 53 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോര്‍ അടക്കം 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിനുവേണ്ടി തിലക് വര്‍മ 18 പന്തില്‍ നിന്ന് 34 റണ്‍സും നേടി. പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍ രണ്ട് വിക്കറ്റുകള്‍ നേടി.
Content Highlight: Rohit Sharma In New Record Achievement