|

ഇവന്റെ റെക്കോഡിന് മുന്നില്‍ ധോണിയടക്കമുള്ള ഇതിഹാസങ്ങള്‍ മാറി നില്‍ക്കണം; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഐതിഹാസിക കുതിപ്പ്!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കീഴില്‍ മറ്റൊരു ഐ.സി.സി കിരീടം സ്വപ്‌നം കാണുകയാണ് ഇന്ത്യ. കിരീടത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

ഐ.സി.സി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിന്നിങ് ശരാശരിയുള്ള ക്യാപ്റ്റന്‍ ആവാനാണ് രോഹിത്തിന് സാധിച്ചത് (മിനിമം 10 മത്സരം). ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയേയും റിക്കി പോണ്ടിങ്ങിനേയുമെല്ലാം മറികടന്നാണ് രോഹിത് മുന്നിലെത്തിയത്.

ഐ.സി.സി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിന്നിങ് ശരാശരിയുള്ള ക്യാപ്റ്റന്‍, രാജ്യം, ശരാശരി

രോഹിത് ശര്‍മ (ഇന്ത്യ, 14 മത്സരങ്ങള്‍) – 92.8%

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ, 45 മത്സരം) – 88.3%

ക്ലൈവ് ലോയിഡ് (വെസ്റ്റ് ഇന്‍ഡീസ്, 17 മത്സരം) – 88.2%

എം.എസ്. ധോണി (ഇന്ത്യ, 25 മത്സരം) – 83.3%

സൂപ്പര്‍ പേസര്‍ മാറ്റ് ഹെന്റിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ 249 എന്ന സ്‌കോറില്‍ തളച്ചത്. എട്ട് ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിത്. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടന്ം കാഴ്ചവെച്ചത് ശ്രേയസ് അയ്യരാണ്. 98 പന്തില്‍ നിന്ന് 79 റണ്‍സാണ് താരം നേടിയത്.

ബൗളിങ്ങില്‍ ഇന്ത്യയെ രക്ഷിച്ചത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 10 ഓവര്‍ എറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ മത്സരത്തിലെ താരമാകാനും വരുണിന് സാധിച്ചു. കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചത് സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസനാണ്. 120 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്.

2023ലെ ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ ഘട്ടം കടക്കുകയും എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെടേണ്ടി വന്നതും ഏറെ നിരാശാജനകമായിരുന്നു. എന്നാല്‍ രോഹിത്തിന്റെ കീഴില്‍ ഇത്തവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Rohit Sharma In Great Record Achievement In ODI Cricket

Latest Stories