Advertisement
Sports News
ടി-20യില്‍ മാത്രമല്ല ഏകദിനത്തിലും ഈ ഹിറ്റ്മാന്‍ പൊളിയാണ്; ലെജന്റ്‌സ് ലിസ്റ്റില്‍ ദ്രാവിഡിനെയും മറികടന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 04, 01:49 pm
Sunday, 4th August 2024, 7:19 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം കൊളംബോയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.

 

നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് തുടരുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഏഴ് ഓവറില്‍ 50 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 21 പന്തില്‍ 34 റണ്‍സും വൈസ്‌ക്യാപ്റ്റന്‍ ഗില്‍ 15 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.

ഇതോടെ ഒരു മിന്നും നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ ഹോഡ് കോച്ച് രാഹുല്‍ ദ്രാവിഡിനെ പിന്തള്ളിയാണ് രോഹിത് നാലാമനായത്.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ഇന്നിങ്‌സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 18426 – 452

വിരാട് കോഹ്‌ലി – 13872 – 281

സൗരവ് ഗാംഗുലി – 11221 – 297

രോഹിത് ശര്‍മ – 10769+* – 256

രാഹുല്‍ ദ്രാവിഡ് – 10768 – 314

മഹേന്ദ്ര സിങ് ധോണി – 10599 – 294

അവസാന ഘട്ടത്തില്‍ ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ദുനിത് വെല്ലാലഗെയും കമിന്ദു മെന്‍ഡിസുമാണ്. ഏഴാമനായി ഇറങ്ങിയ ദുനിത് 35 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും അടക്കം 39 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഓപ്പണര്‍ പാതും നിസങ്കയെ സൈഡ് എഡ്ജില്‍ കുരുക്കി കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 56 റണ്‍സ് നേടി ലങ്കയുടെ നെടുന്തൂണായി നിന്ന നിസങ്കയ്ക്ക് ഗോള്‍ഡന്‍ ഡക്കായാണ് കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.

അവിഷ്‌ക ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ യങ് ബോളര്‍ വാഷിങ്ടണ്‍ സുന്ദറാണ് താരത്തെ പുറത്താക്കി ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് നേടിക്കൊടുത്തത്. തുടര്‍ന്ന് 30 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെയും സുന്ദര്‍ ഒരു എല്‍.ബി.ഡബ്ല്യുവില്‍ വീഴ്ത്തി.

14 റണ്‍സിന് സതീര സമരവിക്രമയെ അക്‌സര്‍ പട്ടേലും പുറത്താക്കിയതോടെ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ 25 റണ്‍സിന് പുറത്താക്കി സുന്ദര്‍ തന്റെ മൂന്നാം വിക്കറ്റും നേടി.

 

Content Highlight: Rohit Sharma In Great Record Achievement In ODI