|

'ട്രിപ്പിള്‍' സെഞ്ച്വറി റെക്കോഡില്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 33 പന്തും നാല് വിക്കറ്റും ശേഷിക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു.

ബരാബതി സ്റ്റേഡിയത്തിലെ ഇന്ത്യയുടെ വിജയത്തേക്കാളേറെ നായകന്‍ രോഹിത് ശര്‍മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ ഒറ്റയക്കങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ഏകദിനത്തിലെ 32ാം സെഞ്ച്വറി നേടിയാണ് രോഹിത് തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും അര്‍ധ സെഞ്ച്വറിക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഹിറ്റിങ്ങിലൂടെ മറുപടി നല്‍കുകയായിരുന്നു. 90 പന്ത് നേരിട്ട 119 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഏഴ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് 37കാരനായ രോഹിത് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കൂടിയ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. 2024ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അവസാനമായി രോഹിത് സെഞ്ച്വറി നേടിയത്.

മാത്രമല്ല ഇന്റര്‍നാഷണല്‍ ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പ്രായം കൂടിയ താരമാണ് രോഹിത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ രോഹിത് ഏകദിനത്തിലും ആധിപത്യം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഗുജറാത്ത്, അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിലാണ് നടക്കുക.

Content Highlight: Rohit Sharma In Great Record Achievement