| Wednesday, 13th September 2023, 3:35 pm

ഏഴ് വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ളവനല്ലേ, അതെങ്കിലും ആലോചിക്കാമായിരുന്നു; രാഹുലിന്റെ വാക്ക് കേള്‍ക്കാതെ രോഹിത്, തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരുന്നു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇരുടീമിലെയും ബൗളര്‍മാരായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന്റെ ആനുകൂല്യം ഇരു ടീമും മുതലെടുത്തു. ഇന്ത്യന്‍ നിരയിലെ പത്ത് വിക്കറ്റും ലങ്കന്‍ സ്പിന്നേഴ്‌സ് പിഴുതെറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളാണ് കുല്‍ദീപ് യാദവെന്ന സ്പിന്നറിലൂടെ ഇന്ത്യ നേടിയത്.

ഇതോടെ ഏഷ്യാ കപ്പില്‍ പരാജയമറിയാത്ത ഏക ക്യാപ്റ്റനായും രോഹിത് ശര്‍മ മാറി. എന്നാല്‍ താരത്തിന്റെ ഈ നേട്ടത്തിന് അല്‍പമെങ്കിലും മങ്ങലേല്‍പിച്ച ഒരു സംഭവത്തിനും പ്രേമദാസ സ്റ്റേഡിയം സാക്ഷിയായിരുന്നു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ വാക്ക് കേള്‍ക്കാതെ റിവ്യൂ എടുക്കുകയും റിവ്യൂ നഷ്ടപ്പെടുത്തിയുമാണ് രോഹിത് ആരാധകരെ നിരാശരാക്കിയത്.

ലങ്കന്‍ ഇന്നിങ്‌സിന്റെ 12ാം ഓവറിലായിരുന്നു സംഭവം. ഓഫ് സ്റ്റംപ് കണക്കാക്കി കുല്‍ദീപ് യാദവ് എറിഞ്ഞ ഡെലിവെറി സ്‌ട്രൈക്കിലുണ്ടായിരുന്ന ചരിത് അസലങ്ക ഡിഫന്‍ഡ് ചെയ്യാനുള്ള ശ്രമമായിരുന്നു. എന്നാല്‍ പന്ത് ടേണ്‍ ചെയ്യുകയും അസലങ്കക്ക് അതിന് സാധിക്കാതെ വരികയുമായിരുന്നു.

പന്ത് സ്ലിപ്പിലുണ്ടായിരുന്ന രോഹിത് ശര്‍മ ക്യാച്ചെടുക്കുകയും വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അമ്പയര്‍ അസലങ്കക്ക് അനുകൂലമായാണ് വിധി പറഞ്ഞത്.

എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടു എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന രോഹിത് റിവ്യൂ എടുക്കാനൊരുങ്ങി. കുല്‍ദീപ് യാദവും റിവ്യൂ എടുക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ റിവ്യൂ എടുക്കുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ല. റിവ്യൂ എടുക്കുന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ രാഹുലുമായി ചര്‍ച്ച ചെയ്തപ്പോള്‍ എഡ്ജില്ലെന്നും റിവ്യൂ എടുക്കേണ്ടതില്ലെന്നുമുള്ള അഭിപ്രായമായിരുന്നു രാഹുലിന്. എന്നാല്‍ രാഹുലിന്റെ വാക്കുകളെ പൂര്‍ണമായും തള്ളിയ രോഹിത് റിവ്യൂ എടുക്കുകയായിരുന്നു.

പരിശോധനയില്‍ രാഹുല്‍ പറഞ്ഞതാണ് ശരിയെന്ന് വ്യക്തമായിരുന്നു. അള്‍ട്രാ എഡ്ജില്‍ സ്‌ട്രെയ്റ്റ് ലൈനായിരുന്നു കാണിച്ചിരുന്നത്. ഇതുകണ്ട രോഹിത് നിരാശനായി തലകുനിക്കുകയായിരുന്നു.

എന്നാല്‍ റിവ്യൂ പാഴാക്കിയെങ്കിലും ഇന്ത്യക്ക് വലിയ വിലകൊടുക്കേണ്ടി വന്നിരുന്നില്ല. ഒടുവില്‍ ഏഴ് ഓവറുകള്‍ക്ക് ശേഷം 19ാം ഓവറിലെ രണ്ടാം പന്തില്‍ കുല്‍ദീപ് തന്നെ അസലങ്കയെ പുറത്താക്കുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെ കെ.എല്‍. രാഹുലാണ് അസലങ്കയെ പുറത്താക്കിയത്.

അതസമയം, ഇന്ത്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ നേരിട്ട് ഫൈനലിലേക്ക് കടക്കാമെന്ന ലങ്കന്‍ മോഹങ്ങളാണ് വീണുടഞ്ഞത്. സൂപ്പര്‍ ഫോറില്‍ നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ ഇന്ത്യക്കെതിരെ കളിക്കുക.

Content highlight: Rohit Sharma Ignores KL Rahul’s Advice And Goes For Review

We use cookies to give you the best possible experience. Learn more