ഇന്ത്യക്ക് പണിയായോ? ഇന്ത്യന്‍ നായകന് ഏഷ്യാ കപ്പ് നഷ്ടമാകുമോ?
Cricket
ഇന്ത്യക്ക് പണിയായോ? ഇന്ത്യന്‍ നായകന് ഏഷ്യാ കപ്പ് നഷ്ടമാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th August 2022, 5:10 pm

 

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കൂട്ടരും പാകിസ്ഥാനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 28ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഒരുപാട് പ്രതിക്ഷയുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ഏഷ്യാ കപ്പ് ഇന്ത്യയില്‍ എത്തിക്കുക എന്നത് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

പരിശീലനത്തിനിടയിലുള്ള ഇരു ടീമിന്റെയും താരങ്ങളുടെ വിഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാകിസ്ഥാന്‍ ടീമിനോടും ആരാധകരോടുമുള്ള ഇന്ത്യന്‍ താരങ്ങളുടെ സൗഹൃദ സംഭാഷണങ്ങളും സെല്‍ഫികളും ലോക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. രാഷ്ട്രീയപരമായി പ്രശ്നങ്ങള്‍ നിലനില്‍കുന്നുണ്ടങ്കിലും സ്പോര്‍ട്സില്‍ അത് ബാധിക്കില്ല എന്നുകൂടെ കാണിച്ചു കൊടുക്കുന്ന രംഗങ്ങളായിരുന്നു യു.എ.യില്‍ അരങ്ങേറിയത്.

ഇന്ത്യയുടെ പരിശീലന സെഷനില്‍ പാകിസ്ഥാന്‍ ആരാധകര്‍ നായകന്‍ രോഹത്തിനോട് സംസാരിക്കുന്നതും കെട്ടിപിടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആരാധകനെ കെട്ടിപ്പിടിച്ച സംഭവം താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

കൊവിഡ് -19 വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഒരുതരത്തിലും ആരാധകരുമായി ശാരീരികമായി ഇടപെടരുതെന്നും ഐ.സി.സിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ ഈ പ്രവര്‍ത്തി ആ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതാണ്.

ഇത്തരമൊരു നിയമ ലംഘനത്തിന് ഐ.സി.സിയുടെ നടപടി എന്തായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം നോക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ രോഹിതിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യക്കത് കനത്ത തിരിച്ചടിയായിരിക്കും. രോഹിത്തിന്റെ അഭാവം ടീമിന്റെ മൊത്തം ബാലന്‍സും തെറ്റിക്കുമെന്നുറപ്പാണ്.

ഏഷ്യാ കപ്പിന് മുന്നോടിയായി കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് പോസിറ്റീവായിരുന്നു. ഇത് കാരണം അദ്ദേഹത്തിന് കോച്ചായി ടീമിനൊപ്പം ചേരാന്‍ സീധിച്ചില്ല. പകരക്കാരനായി വി.വി.എസ് ലക്ഷമണാണ് ടീമിന്റെ കോച്ചിങ് ചുമതല.

ആരാധകര്‍ രോഹിത്തിന്റെ കളി കാണാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഈ പ്രവര്‍ത്തി എങ്ങോട്ടാണ് അദ്ദേഹത്തെ എത്തിക്കുക എന്ന് കണ്ടറിയണം. ഇന്ത്യ-പാക് പോരാട്ടത്തില്‍ രോഹിത്തിന് ഫോമില്‍ കളിക്കാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന ലോക കപ്പില്‍ ആത്മവിശ്യാസം വര്‍ധിക്കും എന്നതില്‍ ഒരു സംശയവുമില്ല.

ഇന്ത്യ-പാക് മത്സരത്തിന് ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ഹോംഗ് കോങ്ങാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍.

Content Highlight: Rohit Sharma Hugs and Shake hands with Pakistan Fans