ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. പവര്‍ പ്ലേയില്‍ തന്നെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടപ്പെടുത്തിയ ഇന്ത്യ സ്‌കോറിങ്ങില്‍ പരുങ്ങുകയാണ്.
ഓപ്പണര്‍ കെ.എല്‍ രാഹുല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമ്പൂര്‍ണ പരാജയമായപ്പോള്‍ രോഹിത് ശര്‍മക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
14 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. 14 പന്ത് നേരിട്ട് 15 റണ്‍സുമായി ലുങ്കി എന്‍ഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് രോഹിത് മടങ്ങുകയായിരുന്നു.
എന്നാല്‍ മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഒരു അത്യപൂര്‍വ റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു. പുരുഷ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.
🚨 Milestone Unlocked 🔓
3⃣6⃣ & going strong – Most Matches (in Men’s Cricket) in #T20WorldCup ! 💪 💪
36 ടി-20 ലോകകപ്പ് മത്സരങ്ങളിലാണ് രോഹിത് ശര്‍മ ഇന്ത്യക്കായി ബാറ്റേന്തിയിട്ടുള്ളത്. ശ്രീലങ്കന്‍ സൂപ്പര്‍ താരം തിലകരത്‌നെ ദില്‍ഷനാണ് ഇത്രയും നാള്‍ ഈ റെക്കോഡ് കയ്യടക്കി വെച്ചിരുന്നത്. 2007 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 35 ടി-20 ലോകകപ്പ് മത്സരങ്ങളായിരുന്നു ദില്‍ഷന്‍ ലങ്കക്ക് വേണ്ടി കളിച്ചത്.
ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ രോഹിത് ശര്‍മ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്രയും നാള്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമായിരുന്നു രോഹിത് കളിച്ചിരുന്നത്. എന്നാല്‍ 2022 ലോകകപ്പില്‍ ക്യാപ്റ്റന്റെ റോളും താരത്തിന്റെ ചുമലിലുണ്ട്.
ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. മഹേല ജയവര്‍ധനെ, വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ല്‍ എന്നിവരാണ് രോഹിത്തിന് മുമ്പിലുള്ളത്.
അതേസമയം, പ്രോട്ടീസിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 15 പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. വെയ്ന്‍ പാര്‍ണെലിന്റെ പന്തില്‍ റിലി റൂസോക്ക് ക്യാച്ച് നല്‍കിയാണ് കാര്‍ത്തിക് പുറത്തായത്.
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 105 റണ്‍സിന് ആറ് എന്ന നിലിയിലാണ് ഇന്ത്യ. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യയെ എറിഞ്ഞുവീഴ്ത്തിയത്. എന്‍ഗിഡിക്ക് പുറമെ പാര്‍ണെലും നോര്‍ട്‌ജെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.