| Monday, 6th November 2023, 5:19 pm

ഒന്നുകൂടി അടിച്ചിരുന്നേല്‍ ഒറ്റയ്ക്ക് ഒന്നാമനാകാമായിരുന്നു; വിരാടിന്റെ സെഞ്ച്വറിക്കിടെ ചര്‍ച്ചയാകാതെ രോഹിത്തിന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 243 റണ്‍സിനാണ് ഇന്ത്യ പ്രോട്ടിയാസിനെ തകര്‍ത്തുവിട്ടത്.

ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ വിരാട് കോഹ്‌ലിയുടെ 49ാം സെഞ്ച്വറി നേട്ടവും ആരാധകര്‍ മതിമറന്നാഘോഷിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്താനും വിരാടിന് സാധിച്ചിരുന്നു.

വിരാടിന്റെ സെഞ്ച്വറി നേട്ടത്തിന് പുറമെ ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറി നേട്ടവും രോഹിത് ശര്‍മയുടെ വെടിക്കെട്ടും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായിരുന്നു. അയ്യര്‍ 87 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ നിന്നും 40 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്.

ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് രോഹിത് 40 റണ്‍സടിച്ചത്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് രോഹിത് ചരിത്രം കുറിച്ചിരിക്കുന്നത്.

58 സിക്‌സറുമായി സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സിന്റെ റെക്കോഡിനൊപ്പമെത്തിയാണ് രോഹിത് പട്ടികയില്‍ ഒന്നാമനായിരിക്കുന്നത്.

ഈ വര്‍ഷം ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെയാണ് രോഹിത് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ കേവലം ഒരു സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ പട്ടികയില്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്താനും രോഹിത്തിനാകും

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന സിക്‌സറുകള്‍ നേടിയ താരം

(താരം – രാജ്യം – നേടിയ സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 58* – 2023

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 58 – 2015

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 56 – 2019

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 48 – 2002

മുഹമ്മദ് വസീം – പാകിസ്ഥാന്‍ – 47 – 2023

ഈ ലോകകപ്പില്‍ ഇന്ത്യ ചുരുങ്ങിയത് രണ്ട് മത്സരം കൂടി കളിക്കും. നവംബര്‍ 12നാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

ഇതിന് പുറമെ നവംബര്‍ 15ന് നടക്കുന്ന സെമി ഫൈനലിലും ഇന്ത്യ കളിക്കും. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് തീരുമാനമായിട്ടില്ല.

Content Highlight: Rohit Sharma hits most ODI sixes in a calendar year

We use cookies to give you the best possible experience. Learn more