| Monday, 11th September 2023, 1:12 pm

പാകിസ്ഥാന്റെ 11 പേരും കരിയറില്‍ നേടിയതിനേക്കാള്‍ ഒറ്റക്ക് നേടി!; ഹിറ്റ്മാന്‍ എന്ന് ഇങ്ങേരെ വെറുതെ വിളിക്കുന്നതാണോ 🔥🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം മഴ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം റിസര്‍വ് ഡേയിലേക്ക് റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 11 തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ 24.1 ഓവറില്‍ എത്തി നില്‍ക്കവെയാണ് മഴയെത്തിയത്. റിസര്‍വ് ഡേയില്‍ മത്സരം നടത്താനുള്ള സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ 25ാം ഓവറിലെ രണ്ടാം പന്ത് മുതലായിരിക്കും മത്സരം വീണ്ടും നടക്കുക.

മഴയെത്തി മത്സരം തടസ്സപ്പെടും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. രോഹിത് ശര്‍മ 49 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തില്‍ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

നാല് സിക്‌സറും ആറ് ബൗണ്ടറിയും അടക്കമായിരുന്നു രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ 50ാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

ഈ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേടിയ നാല് സിക്‌സറിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെയൊന്നാകെ കവച്ചുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയ സിക്‌സറുകളുടെ എണ്ണത്തിലാണ് രോഹിത് 11 പേരടങ്ങിയ പാകിസ്ഥാന്‍ നിരയെ തന്നെ മറികടന്നത്.

543 അന്താരാഷ്ട്ര സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിനെക്കാള്‍ പത്ത് സിക്‌സറിന്റെ കുറവ് മാത്രമാണ് രോഹിത്തിനുള്ളത്.

ഏകദിന ഫോര്‍മാറ്റിലാണ് രോഹിത് ഏറ്റവുമധികം സിക്‌സര്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ നാല് സിക്‌സര്‍ ഉള്‍പ്പെടെ 284 മാക്‌സിമമാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. ടി-20യില്‍ 182 സിക്‌സര്‍ നേടിയ രോഹിത് ടെസ്റ്റില്‍ 77 സിക്‌സറാണ് സ്വന്തമാക്കിയത്.

അതേസമയം, 541 സിക്‌സറാണ് പാകിസ്ഥാന്‍ നിരയില്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ എല്ലാ താരങ്ങളും ചേര്‍ന്ന് നേടിയത്. 132 സിക്‌സറുമായി ബാബര്‍ അസമാണ് കൂട്ടത്തില്‍ ഒന്നാമന്‍.

ഫഖര്‍ സമാന്‍ – 105
ഇമാം ഉള്‍ ഹഖ് – 42
ബാബര്‍ അസം – 132
മുഹമ്മദ് റിസ്വാന്‍ – 95
ആഘാ സല്‍മാന്‍ – 35
ഇഫ്തിഖര്‍ അഹമ്മദ് – 46
ഷദാബ് ഖാന്‍ – 38
ഫഹീം അഷ്‌റഫ് – 28
ഷഹീന്‍ അഫ്രിദി – 9
നസീം ഷാ – 6
ഹാരിസ് റൗഫ് – 5, എന്നിങ്ങനെയാണ് പാക് നിരയിലെ താരങ്ങളുടെ സിക്‌സര്‍ നേട്ടങ്ങള്‍.

അതേസമയം, കഴിഞ്ഞ ദിവസം മഴ മൂലം മത്സരം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ 147ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയും 28 പന്തില്‍ 17 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

റിസര്‍വ് ഡേയിലും മഴ പെയ്യുകയും മത്സരം നടക്കാതിരിക്കുകയും ചെയ്താല്‍ ഇരുടീമുകളും പോയിന്റ് പങ്കുവെക്കും.

ഈ മത്സരത്തിന് പിന്നാലെ സെപ്റ്റംബര്‍ 12ന് ഇന്ത്യക്ക് അടുത്ത മത്സരവും കളിക്കേണ്ടി വരും. കൊളംബോയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

Content highlight: Rohit Sharma hits most number of sixes than whole Pakistan team

We use cookies to give you the best possible experience. Learn more