| Monday, 24th July 2023, 4:54 pm

കോഹ്‌ലിക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ല; 255ന്റെ ലീഡോടെ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 20 സിക്‌സര്‍ കൂടി നേടിയാല്‍ കരീബിയന്‍ സ്‌റ്റോം ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ രോഹിത്തിന് സാധിക്കും.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ നേടിയതടക്കം 534 കരിയര്‍ സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 553 സിക്‌സറുമായാണ് ഗെയ്ല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

476 സിക്‌സറുമായി പാക് ഇതിഹാസ താരം ഷാഹിദ് അഫ്രിദി മൂന്നാം സ്ഥാനത്തും 398 സിക്‌സറുമായി ന്യൂസിലാന്‍ഡ് ലെജന്‍ഡ് ബ്രണ്ടന്‍ മക്കെല്ലം നാലാം സ്ഥാനത്തുമാണ്.

ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയെടുക്കുമ്പോള്‍ രോഹിത് ശര്‍മ കാതങ്ങള്‍ മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറിനെക്കാള്‍ 230 സിക്‌സറാണ് രോഹിത്തിന് അധികമായുള്ളത്. നിലവില്‍ 304 സിക്‌സറുകളാണ് ബട്‌ലറിന്റെ പേരിലുള്ളത്. 279 സിക്‌സറാണ് പട്ടികയിലെ മൂന്നാമന്‍ വിരാട് കോഹ്‌ലിക്കുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – സിക്‌സറുകള്‍ എന്നീ ക്രമത്തില്‍)

1. ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 553

2. രോഹിത് ശര്‍മ – ഇന്ത്യ – 534

3. ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 476

4. ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 398

5. മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 383

6. എം.എസ്. ധോണി – ഇന്ത്യ – 359

7. സനത് ജയസൂര്യ – ശ്രീലങ്ക – 352

8. ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 346

9. എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 328

10. ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 304

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ആക്ടീവ് ക്രിക്കറ്റേഴ്‌സ്

(താരം – രാജ്യം – സിക്‌സറുകള്‍ എന്നീ ക്രമത്തില്‍)

1. രോഹിത് ശര്‍മ – ഇന്ത്യ – 534

2. ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 304

3. വിരാട് കോഹ്‌ലി – ഇന്ത്യ – 279

4. ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 262

5. പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 260

ഇതിന് പുറമെ മറ്റുനേട്ടങ്ങളും രോഹിത് വിന്‍ഡീസ് പര്യടനത്തിനിടെ കുറിച്ചിരുന്നു. ടെസ്റ്റ് കരിയരിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് രോഹിത് ക്വീന്‍സ് പാര്‍ക്കില്‍ കുറിച്ചത്. 35 പന്തില്‍ നിന്നുമാണ് രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഒപ്പം ഒറ്റയക്കത്തിന് പുറത്താകാതെ ഏറ്റവുമധികം മത്സരം കളിച്ച താരമെന്നെ റെക്കോഡും രോഹിത് ശര്‍മ സ്വന്തമാക്കി. 29 തവണ ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

Content Highlight: Rohit Sharma hits most number of sixes among active cricketers

Latest Stories

We use cookies to give you the best possible experience. Learn more