റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടി വിസ്മയം തീര്‍ത്ത ഹിറ്റ്മാന്‍ രോഹിത് ശര്‍മ അടുത്ത നേട്ടത്തില്‍. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയാണ് റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ രോഹിത് കൈപിടിച്ചുയര്‍ത്തിയത്.
ലഞ്ചിനു പോകുമ്പോള്‍ 199 റണ്‍സെടുത്തു നിന്ന രോഹിത് ലഞ്ചിനു ശേഷം ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 255 പന്തില്‍ 28 ഫോറും ആറ് സിക്‌സറും അടക്കമാണ് രോഹിത് 212 റണ്‍സെടുത്തത്.
എന്നാല്‍ റബാഡയുടെ പന്തില്‍ ഡീപ് ഫൈന്‍ ലെഗ്ഗില്‍ ലുംഗി എന്‍ഗിഡിക്ക് ക്യാച്ച് നല്‍കി ഏകദിനത്തിനു തുല്യമായ ആ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
രോഹിതിനു പുറമേ സെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും (115) തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യയെ മുന്നോട്ടു നയിച്ചു. 192 പന്തില്‍ 17 ഫോറും ഒരു സിക്‌സറും അടക്കമാണ് രഹാനെ കരിയറിലെ 11-ാം സെഞ്ചുറി നേടിയത്.
ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസ്സന് ക്യാച്ച് നല്‍കി രഹാനെ മടങ്ങുമ്പോള്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 261 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ലിന്‍ഡെയുടെ ആദ്യ ടെസ്റ്റ് വിക്കറ്റും ക്ലാസ്സന്റെ ആദ്യ ക്യാച്ചുമാണിത്. ഇരുവരുടെയും അരങ്ങേറ്റ മത്സരമാണിത്.
ലഞ്ചിനു ശേഷം രവീന്ദ്ര ജഡേജയും (15) വൃദ്ധിമാന്‍ സാഹയും ക്രീസില്‍ നില്‍ക്കേ ഇന്ത്യന്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 371 എന്ന നിലയിലാണ്.
മഴയെത്തുടര്‍ന്ന് ആദ്യ ദിനത്തിലെ 30 ഓവറോളം വെട്ടിച്ചുരുക്കിയിരുന്നു. മൂന്നാം ടെസ്റ്റില്‍ ആദ്യ ഘട്ടത്തില്‍ തളര്‍ന്ന ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന രോഹിത് കരിയറിലെ ആറാം സെഞ്ചുറിയാണ് റാഞ്ചിയില്‍ ഇന്നലെ നേടിയത്.
39 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ നിന്നാണ് മൂന്ന് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലേക്ക് രോഹിതും അജിന്‍ക്യ രഹാനെയും (66) കൊണ്ടുവന്നത്. വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്‌റ്റൈലില്‍ സിക്സറടിച്ചായിരുന്നു രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
പരമ്പരയില്‍ മികച്ച ഓപ്പണര്‍മാരായി വിധിയെഴുതിക്കഴിഞ്ഞ അഗര്‍വാള്‍-രോഹിത് ശര്‍മ സഖ്യം പതിവുപോലെ ബൗണ്ടറികള്‍ നേടിത്തുടങ്ങിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് എത്തുമ്പോഴേക്കും ആദ്യ പ്രഹരമേറ്റു.
കാഗിസോ റബാഡയുടെ പന്ത് ഫ്രണ്ട്ഫുട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെ സ്ലിപ്പില്‍ ഡീല്‍ എല്‍ഗറിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. റണ്‍സെടുക്കുന്നതിനു മുന്‍പേ പൂജാര റബാഡയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും ദക്ഷിണാഫ്രിക്ക റിവ്യൂയിലൂടെ വിക്കറ്റ് സ്വന്തമാക്കി.
അതിനിടെ രോഹിത് ശര്‍മയ്‌ക്കെതിരായ എല്‍.ബി.ഡബ്ലു അപ്പീല്‍ അമ്പയര്‍ അംഗീകരിച്ചെങ്കിലും റീപ്ലേയില്‍ ബാറ്റില്‍ പന്ത് തട്ടിയിരുന്നെന്നു മനസ്സിലായതോടെ പിന്‍വലിക്കുകയായിരുന്നു.
സ്‌കോര്‍ 39-ല്‍ നില്‍ക്കേ ക്യാപ്റ്റനും ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന പേസ് ബൗളര്‍ ആന്റിച്ച് നോര്‍ത്തെയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു കോഹ്ലിയുടെ പുറത്താകല്‍. നോര്‍ത്തിന്റെ ആദ്യ വിക്കറ്റാണിത്.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇഷാന്ത് ശര്‍മയെ പിന്‍വലിച്ച് സ്പിന്നര്‍ ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. നദീമിന്റെ ആദ്യ മത്സരമാണിത്.
അതേസമയം ജോര്‍ജ് ലിന്‍ഡെയും ക്ലാസനും ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചപ്പോള്‍, ലുംഗി എന്‍ഗിഡി പരമ്പരയിലെ ആദ്യ മത്സരം കളച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ക്വിന്റണ്‍ ഡി കോക്കായിരിക്കും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എല്‍ഗറിനൊപ്പം ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ക്ലാസനാണ് വിക്കറ്റ് കാക്കാനിറങ്ങിയത്.