ടി-20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായിരിക്കുകയാണ്. സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് രോഹിത്തും സംഘവും 2022 ലോകകപ്പിനോട് വിടപറയുന്നത്.
സെമി ഫൈനല്‍ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അനായാസം മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ ടി-20 ലോകകപ്പ് ക്യാമ്പെയ്‌ന് തിരശീല വീണതോടെ ബി.സി.സി.ഐയും രോഹിത് ശര്‍മയും ആരാധകരുടെ മുമ്പില്‍ പ്രതീക്കൂട്ടിലായിരിക്കുകയാണ്. കരിയറിലെ മോശം ഫോമിലൂടെയാണ് രോഹിത് ശര്‍മ ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.
ലോകകപ്പിന് മുമ്പ് നിരവധി റെക്കോഡുകള്‍ ഹിറ്റ്മാന്റെ പേരില്‍ കുറിക്കപ്പെടുമെന്ന് കരുതിയ ലോകകപ്പ് കൂടിയായിരുന്നു ഇത്. എന്നാല്‍ ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ പരാജയമായതോടെ ഹിറ്റ്മാന്റെ പേരില്‍ കുറിക്കപ്പെടുമെന്ന് കരുതിയ പല റെക്കോഡുകളും ഇല്ലാതാവുകയായിരുന്നു.
രോഹിത് തകര്‍ക്കുമെന്ന് കരുതിയ റെക്കോഡുകളില്‍ പ്രധാനം, ‘ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍’ എന്ന നേട്ടമായിരുന്നു.
ടൂര്‍ണമെന്റിന് മുമ്പ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു രോഹിത് ശര്‍മ. ഈ ലോകകപ്പില്‍ 170 റണ്‍സ് നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നുവെങ്കില്‍ മഹേല ജയവര്‍ധനയെ മറികടന്ന് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും രോഹിത്തിനാവുമായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ രോഹിത് ശര്‍മക്ക് ആ ഭാഗ്യം വിധിച്ചിരുന്നില്ല.
എന്നാല്‍ 2022 ടൂര്‍ണമെന്റിന് മുമ്പ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഈ നേട്ടം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ 172 റണ്‍സ് നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കാം എന്നിരിക്കെ വിരാട് കോഹ്‌ലി ആഞ്ഞടിക്കുകയും ക്രിക്കറ്റ് ഇതിഹാസം ജയവര്‍ധനയെ മറികടന്ന് ഈ നേട്ടത്തില്‍ തന്റെ പേരെഴുതി ചേര്‍ക്കുകയും ചെയ്തു.
2022 ലോകകപ്പിന് പിന്നാലെ 1141 റണ്‍സാണ് വിരാട് ടി-20 ലോകകപ്പില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ നിരവധി റെക്കോഡുകളും നേട്ടങ്ങളുമായി വമ്പന്‍ തിരിച്ചുവരവ് നടത്താനും വിരാടിനെ ഈ ലോകകപ്പ് സഹായിച്ചിരുന്നു.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡ് നേടാന്‍ രോഹിത് ശര്‍മക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഈ നേട്ടത്തില്‍ വിരാടിനെ മറികടക്കണമെങ്കില്‍ വെസ്റ്റ് ഇന്‍ഡീസും യു.എസ്.എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2024 ലോകകപ്പ് വരെ കാത്തിരിക്കണം.