| Saturday, 26th August 2023, 11:17 pm

ഏഷ്യാ കപ്പില്‍ ചെയ്‌സിങ് കിങ് കോഹ്‌ലിയല്ല! നേരിയ മുന്‍തൂക്കം മറ്റൊരു സൂപ്പര്‍താരത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്നത്.

2018ലാണ് അവസാനമായി ഏഷ്യാ കപ്പ് അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ നടന്നത് ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാ കപ്പില്‍ ഒരുപാട് പ്രതീക്ഷകളും തയ്യാറെടുപ്പുകളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

ഏഷ്യാ കപ്പിന്റെ ചരിത്രങ്ങളും റെക്കോഡുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. റണ്‍ചേസില്‍ ഒരുപാട് പേരുകേട്ട താരമാണ് വിരാട് കോഹ്‌ലി. ഏത് വലിയ ടാര്‍ഗറ്റുകളും പിന്തുടര്‍ന്ന് പിടിക്കുന്നത് വിരാടിന് ഒരു ശിലമാണ്. അങ്ങനെ അദ്ദേഹം ഇന്ത്യയെയും ആര്‍.സി.ബിയെയും വിജയിപ്പിച്ച ഒരുപാട് കളികളുണ്ട്.

ഏഷ്യാ കപ്പിലും വിരാട് ചെയ്‌സ് മാസ്റ്ററാണ്. എന്നാല്‍ ഏഷ്യാ കപ്പ് റെക്കോഡില്‍ വിരാടിന് മുകളില്‍ ഒരാള്‍ ചെയ്‌സ് ചെയ്ത് റണ്‍സ് നേടിയിട്ടുണ്ട്. മറ്റാരുമല്ലത്, ഇന്ത്യന്‍ നായകനും ഓപ്പണറുമായി രോഹിത് ശര്‍മയാണ് ആ റെക്കോഡിന് ഉടമ.

529 റണ്‍സാണ് വിരാട് ഏഷ്യാ കപ്പില്‍ റണ്‍ചെയ്‌സില്‍ നേടിയത്. എന്നാല്‍ രോഹിത്് 534 റണ്‍സ് ചെയ്‌സ് ചെയ്ത് നേടിയിട്ടുണ്ട്. വെറും അഞ്ച് റണ്‍സിന്റെ വ്യത്യാസം മാത്രമേ ഇരുവരും തമ്മിലുള്ളത് എന്നുളളത് ഇരുവരുടെയും ശക്തി തെളിയിക്കുന്നതാണ്.

അതേസമയം ഏഷ്യാ കപ്പില്‍ ഒരുപാട് റെക്കോഡുകളും മൈല്‍സ്‌റ്റോണുകളുമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഏകദിനത്തില്‍ 10,000 റണ്‍സ് തികക്കാനും ഏഷ്യാ കപ്പില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും രോഹിത്തിന് ഈ ഏഷ്യാ കപ്പില്‍ സാധിച്ചേക്കും.

നിലവില്‍ ഏകദിനത്തില്‍ 9,837 റ്ണ്‍സ് നേടിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ നായകനായി 317 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനത്താണ് നിലവില്‍ രോഹിത്. 400 റണ്‍സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രണ്ടാമതും 579 റണ്‍സുമായി ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോണിയാണ് ഒന്നാമതുള്ളത്.

സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് മത്സരം.

Content Highlight: Rohit Sharma has most runs in Runchases in asia cup

We use cookies to give you the best possible experience. Learn more