2023 ഏഷ്യാ കപ്പ് വിജയത്തോടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ.
ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ധോണിയുടെ റെക്കോർഡിനൊപ്പമാണ് രോഹിത് എത്തിയത്.
ഏഷ്യാ കപ്പിൽ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ നാല് മത്സരങ്ങളാണ് വിജയിച്ചത്. ക്യാപ്റ്റൻ എന്ന നിലയിൽ ഏഷ്യാ കപ്പിൽ ഒൻപത് വിജയങ്ങളാണ് രോഹിത് സ്വന്തം പേരിലാക്കിയത്.
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെയുള്ള വിജയത്തിന് പിന്നാലെയാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.
കൊളംബോ ആർ. പ്രേമദാസാ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പിന്റ ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മുഹമ്മദ് സിറാജിന്റെ തീയുണ്ടകൾക്ക് മുന്നി ൽ ശ്രീലങ്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 21 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ലങ്കൻ ടീം 15.2 ഓവറിൽ 50 റൺസിന് പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷന്റെയും ശുഭ്മൻ ഗില്ലിന്റെയും മികവിൽ 6.1 ഓവറിൽ ലക്ഷ്യം മറികടക്കുകയിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന് ഏറ്റവും മികച്ച ടൂർണമെന്റ് ആയിരുന്നു ഇത്.
ഒക്ടോബർ 5ന് ആരംഭിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിൽ സ്വന്തം മണ്ണിൽ എത്തിനിൽക്കുമ്പോൾ 13 വർഷത്തിനുശേഷം ലോകകപ്പ് നേടാൻ ഹിറ്റ്‌മാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Rohit Sharma has joined Dhoni’s record as the Indian captain with the most wins in the Asia Cup.