|

'ഉണ്ടൈ ഉണ്ടൈ ഏഴ്' അഥവാ രോഹിത് ശര്‍മ 007; സ്വന്തം നാണക്കേട് തിരുത്തിയെഴുതി മുംബൈ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒറ്റ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍. കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തറപറ്റിച്ചതോടെ എട്ടാം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്കാണ് മുംബൈ ഇന്ത്യന്‍സ് കുതിച്ചുകയറിയത്.

സൂര്യകുമാര്‍ യാദവും നേഹല്‍ വദേരയും ഇഷാന്‍ കിഷനും കളമറിഞ്ഞ് കളിച്ചതോടെ വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു. സ്വന്തം മണ്ണില്‍ വിജയിക്കുകയും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തതോടെ ആരാധകരും ഹാപ്പിയാണ്. എന്നാല്‍ മികച്ച വിജയത്തിന് ശേഷവും ആരാധകരെ നിരാശരാക്കുന്ന മറ്റൊരു ഘടകവും മുംബൈയിലുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം തന്നെയാണത്.

കഴിഞ്ഞ മത്സരത്തിലും ഡക്കായിരുന്നുവെങ്കില്‍ ഹാട്രിക് ഡക്കിന്റെ മോശം റെക്കോഡ് ഗംഭീറിനൊപ്പം പങ്കിടേണ്ടിവരുമെന്ന ഉത്തമബോധ്യത്തോടെയായിരിക്കണം രോഹിത് സ്വന്തം കാണികള്‍ക്ക് മുമ്പിലേക്കിറങ്ങിയത്. ആര്‍.സി.ബിക്കെതിരെ ഡക്കാകാതെ രക്ഷപ്പെട്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിന് സാധിച്ചില്ല. എട്ട് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. 0 (3), 0 (3), 7 (8) എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന മൂന്ന് മത്സരത്തിലെ പ്രകടനം.

ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായതോടെ തുടര്‍ച്ചയായ അഞ്ച് മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്താകുന്ന താരം എന്ന മോശം റെക്കോഡും രോഹിത്തിനെ തേടിയെത്തി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സ്, രാജസ്ഥാനെതിരെ അഞ്ച് പന്തില്‍ നിന്നും മൂന്ന്, പഞ്ചാബ് കിങ്‌സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെതിരെ ബ്രോണ്‍സ് ഡക്ക്, കഴിഞ്ഞ മത്സരത്തില്‍ എട്ട് പന്ത് നേരിട്ട് ഏഴ് എന്നിങ്ങനെയാണ് രോഹിത്തിന്റെ നാണക്കേടിന്റെ സ്റ്റാറ്റ്‌സുകള്‍ കടന്നുപോകുന്നത്.

തുടര്‍ച്ചയായി നാല് മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായതിന്റെ തന്റെ തന്നെ മോശം റെക്കോഡ് മാറ്റിയെഴുതാനും ഇതോടെ രോഹിത്തിനായി. 2017 സീസണിലെ ഫൈനലിലടക്കമാണ് രോഹിത് തുടര്‍ച്ചയായി ഒറ്റയക്കത്തിന് പുറത്തായത്.

അന്ന് റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സില്‍വര്‍ ഡക്കായി തുടങ്ങിയ രോഹിത് സണ്‍റൈസേഴ്‌സിനെതിരെ നാല് പന്ത് നേരിട്ട് നാല് റണ്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് പന്ത് നേരിട്ട് രണ്ട് റണ്‍സിനും പുറത്തായി. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.

മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ വെച്ചുപുലര്‍ത്തുമ്പോഴും ടീമിനെ പുറകോട്ട് വലിക്കുന്നത് ക്യാപ്റ്റന്റെ മോശം ഇന്നിങ്‌സുകള്‍ തന്നെയാണ്. ഇതിനോടകം തന്നെ 11 മത്സരത്തില്‍ ബാറ്റേന്തിയ രോഹിത്തിന് ഇനിയും 200 റണ്‍സ് കടക്കാന്‍ സാധിച്ചിട്ടില്ല.

11 മത്സരത്തില്‍ നിന്നും 17.36 എന്ന ശരാശരിയില്‍ 191 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇനിയുള്ള മത്സരത്തിലും രോഹിത്തിന്റെ പ്രകടനം ഇത്തരത്തിലാണെങ്കില്‍ ടീം അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

Content highlight: Rohit Sharma has been dismissed in single digits 5 times in a row