| Wednesday, 11th October 2023, 9:34 pm

ഗെയ്‌ലിന്റെ തലയരിഞ്ഞ ആ സിക്‌സറുകള്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; അഞ്ച് റെക്കോഡുകളില്‍ ഇനി ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം വിജയവും ആഘോഷിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ എട്ട് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയും ഹോം ടൗണ്‍ ബോയ് വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. രോഹിത് 84 പന്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ നിന്നും പുറത്താകാതെ 55 റണ്‍സുമായാണ് വിരാട് തിളങ്ങിയത്.

രോഹിത് അക്ഷരാര്‍ത്ഥത്തില്‍ ഹിറ്റ്മാനായ മത്സരത്തില്‍ 16 ബൗണ്ടറിയും അഞ്ച് സിക്‌സറുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടി-20യെ അനുസ്മരിപ്പിച്ച് ബാറ്റ് വീശിയ രോഹിത് 155.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്.

ഈ സിക്‌സറുകള്‍ ചരിത്രനേട്ടത്തിലേക്കാണ് രോഹിത്തിനെ കൊണ്ടു ചെന്നെത്തിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡാണ് ഇതോടെ രോഹിത് സ്വന്തമാക്കിയത്.

കരീബിയന്‍ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ത്താണ് രോഹിത് പട്ടികയില്‍ ഒന്നാമനായി ഇരിപ്പുറപ്പിച്ചിരിക്കുന്നത്. 556 സിക്‌സറാണ് ഒന്നാം സ്ഥാനത്തുള്ള രോഹിത്തിന്റെ സമ്പാദ്യം. 553 സിക്‌സറുമായാണ് ഗെയ്ല്‍ രണ്ടാം സ്ഥാനത്തുള്ളത്.

ടെസ്റ്റില്‍ നിന്ന് 77 സിക്‌സര്‍ നേടിയ രോഹിത് ഏകദിനത്തില്‍ നിന്ന് 292 സിക്‌സറും ടി-20യില്‍ നിന്ന് 348 സിക്‌സറും സ്വന്തമാക്കി.

ഇതിന് പുറമെ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവുമധികം സിക്‌സര്‍ എന്ന റെക്കോഡും തന്റെ പേരിലാക്കിയിരുന്നു.

ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും മറ്റാര്‍ക്കും നല്‍കാതെ ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. നേരിട്ട 63ാം പന്തിലാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 72 പന്തില്‍ നൂറടിച്ച ക്രിക്കറ്റ് ലെജന്‍ഡ് കപില്‍ ദേവിന്റെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്.

ഈ സെഞ്ച്വറി നേട്ടത്തോടെ ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി (7) എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.

ഇതിനെല്ലാം പുറമെ ഒരു ഏകദിന മത്സരത്തില്‍ പവര്‍പ്ലേയില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നടിയ താരം എന്ന റെക്കോഡും തന്റെ പേരില്‍ കുറിച്ചാണ് രോഹിത് കളം വിട്ടത്.

അഫ്ഗാനിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ന്യൂസിലാന്‍ഡാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

ഒക്ടോബര്‍ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content Highlight: Rohit Sharma has become the player with the most number of sixes in international cricket

We use cookies to give you the best possible experience. Learn more