| Tuesday, 19th March 2024, 10:20 pm

ഹിറ്റ്മാന്‍ സ്റ്റെയ്‌ലില്‍ അടിച്ചുതകര്‍ത്ത് നേടിയ റെക്കോഡ്; ഐ.പി.എല്‍ വെടിക്കെട്ട് വീരന്മാര്‍ക്ക് പോലുമില്ല ഇതുപോലൊരു നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് കൊടിയേറുന്നത്. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക.

ടൂര്‍ണമെന്റില്‍ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് കളത്തില്‍ ഇറങ്ങുന്നത്.

ഐ.പി.എല്ലില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലുള്ള ഒരു അവിസ്മരണീയ റെക്കോഡ് ആണ് ഇപ്പോള്‍ ഏറെ പ്രസക്തമാവുന്നത്. രോഹിത് ശര്‍മയുടെ ട്രേഡ് മാര്‍ക്ക് ഷോട്ടാണ് പുള്‍ ഷോട്ട്. ഈ പുള്‍ ഷോട്ട് കൊണ്ട് രോഹിത് ശര്‍മ നേടിയെടുത്ത ഒരു റെക്കോഡ് ആണ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ പുള്‍ ഷോട്ടിലൂടെ ഏറ്റവും കൂടുതല്‍ ഫിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് എതിരാളികള്‍ ഇല്ലാതെ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തുള്ളത്. 86 സിക്‌സുകളാണ് രോഹിത് തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടിലൂടെ അടിച്ചെടുത്തത്.

ഐ.പി.എല്ലില്‍ പുള്‍ ഷോട്ടിലൂടെ ഏറ്റവും കൂടുതല്‍ നേടിയ താരം, സിക്‌സുളുടെ എണ്ണം

രോഹിത് ശര്‍മ-86

ക്രിസ് ഗെയ്ല്‍-73

ഷെയ്ന്‍ വാട്‌സണ്‍-67

ഡേവിഡ് വാര്‍ണര്‍-62

കെ.എല്‍ രാഹുല്‍-57

സഞ്ജു സാംസണ്‍-57

എ.ബി ഡിവില്ലിയേഴ്‌സ്-55

2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.

ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇതേ മിന്നും പ്രകടനം പുതിയ സീസണിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma great record in IPL History

Latest Stories

We use cookies to give you the best possible experience. Learn more