| Monday, 13th December 2021, 3:55 pm

ക്യാപ്റ്റനായതിന് പിന്നാലെ പരിക്ക്; രോഹിത്തിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ത്രിശങ്കുവില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകസ്ഥാനമേറ്റെടുത്തതിന് പിന്നാലെ രോഹിത് ശര്‍മയ്ക്ക് പരിക്ക്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള പ്രാക്ടീസ് സെഷനില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്.

സൈഡ് ആം ഉപയോഗിച്ചുള്ള പ്രാക്ടീസിനിടെയാണ് താരത്തിന്റെ കൈവിരലിന് പരിക്കേറ്റിരിക്കുന്നത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രാഘവേന്ദ്രയുടെ പന്ത് രോഹിത്തിന്റെ കയ്യില്‍ കൊള്ളുകയും വേദനകൊണ്ട് പുളഞ്ഞ രോഹിത് താഴെ വീഴുകയുമായിരുന്നു.

എന്നാല്‍, താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് രണ്ട് ആഴ്ചകളോളം ശേഷിക്കെ പരിക്ക് ഭേദമായി പിച്ചിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

അഥവാ പരിക്ക് വില്ലനാവുകയാണെങ്കില്‍ രോഹിത്തിന് പകരം മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യേണ്ടി വരും.

ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.

ജോഹനാസ്ബെര്‍ഗില്‍ വെച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ വെച്ചും മൂന്നാം ടെസ്റ്റ് ജനുവരി മൂന്നിന് കേപ് ടൗണില്‍ വെച്ചുമാണ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rohit Sharma got injured during a practice session in Mumbai

We use cookies to give you the best possible experience. Learn more