ടി-20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകമൊന്നാകെ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ തവണത്തെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടായിരിക്കും രോഹിത്തിന്റെ കീഴില്‍ ഇന്ത്യയിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പില്‍ ആദ്യമായാണ് ഒരു ഐ.സി.സി ഗ്ലോബല്‍ ഇവന്റില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെടുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയെ പുറത്താക്കിയത് പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു. ഷഹീനിന്റെ റൂത്ത്‌ലെസ് ഇടം കയ്യന്‍ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ രോഹിത് വീണുപോവുകയായിരുന്നു.
എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഷഹീനിന് മറുപടി നല്‍കാന്‍ തന്നെയാണ് രോഹിത് ഒരുങ്ങുന്നത്. ഇതിനായി പ്രത്യേക ട്രെയ്‌നിങ്ങിലൂടെയാണ് താരം കടന്നുപോകുന്നത്.
23ന് നടക്കുന്ന മത്സരത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യക്ക് മെല്‍ബണില്‍ ഒരു ഓപ്ഷനല്‍ ട്രെയ്‌നിങ് സെഷന്‍ ഒരുക്കിയിരുന്നു. വിരാട് കോഹ്‌ലി, റിഷബ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളൊന്നും തന്നെ ട്രെയ്‌നിങ്ങിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കും രോഹിത് ശര്‍മയും ദീപക് ഹൂഡയും ട്രെയ്‌നിങ്ങിനെത്തിയിരുന്നു.
ഇവിടെ വെച്ചാണ് ഷഹീനിന്റെ തന്ത്രങ്ങളെ മറികടക്കാന്‍ രോഹിത് ശര്‍മ സ്‌പെഷ്യല്‍ ട്രെയ്‌നിങ് നടത്തിയത്.
ലെഫ്റ്റ് ആം പേസര്‍മാരാണ് എന്നും രോഹിത്തിന്റെ അക്കിലീസ് ഹീല്‍. ഇവരെ നേരിടുന്നതിലാണ് രോഹിത് ശര്‍മ എപ്പോഴും പരാജപ്പെടുന്നത്. എന്നാല്‍ ഇതിനെ മറികടക്കാനാണ് രോഹിത് ഒരുങ്ങുന്നത്.
മെല്‍ബണിലെ നെറ്റ്‌സില്‍ നടന്ന പ്രാക്ടീസില്‍ താരം നിരന്തരം ലെഫ്റ്റ് ആം പേസര്‍മാരെയാണ് നേരിടുന്നത്. ഇതിന് പുറമെ ഹൊറിസോണ്ടല്‍ ബാറ്റ് ഉപയോഗിച്ചാണ് രോഹിത് കളിക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതിന് ശേഷം, യോര്‍ക്കര്‍ ലെങ്തില്‍ വരുന്ന ഇന്‍ സ്വിങ്ങറുകള്‍ക്ക് മുമ്പില്‍ രോഹിത് പതറും എന്ന കാര്യം തനിക്ക് അറിയാമായിരുന്നു എന്നാണ് ഷഹീന്‍ അഫ്രിദി പറഞ്ഞത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ കൃത്യമായ ഹോം വര്‍ക്കെടുത്താണ് രോഹിത് കളത്തിലിറങ്ങുന്നത് എന്ന് വ്യക്തമാണ്.
എന്നാല്‍, ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മഴ വില്ലനായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
‘ക്ലൗഡി. ഉയര്‍ന്ന മഴക്ക് സാധ്യത. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തെക്ക് നിന്നും 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിലും മെല്‍ബണില്‍ മഴ ഭീഷണിയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 90 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരുപക്ഷേ, മഴ കാരണം കളി നടക്കാതിരിക്കുകയാണെങ്കില്‍ മത്സരം റീഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയില്ല. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കാനാവും തീരുമാനിക്കുക.
Content highlight: Rohit Sharma goes through special training to tackle Shaheen Afridi