| Sunday, 23rd July 2023, 11:35 pm

ഒരൊറ്റ ദിവസം കൊണ്ട് രണ്ട് റെക്കോഡുകള്‍ സ്വന്തം പേരില്‍ ചേര്‍ത്ത് ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് കരിയറില്‍ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയാണ് രോഹിത് ശര്‍മ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 35 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്.

44 പന്തില്‍ നിന്നും 57 റണ്‍സെടുത്ത രോഹിത്തിനെ ഒടുവില്‍ ഗബ്രിയേല്‍ അന്‍സാരി ജോസഫിന്റെ കൈകളിലെത്തിച്ചു. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ഹിറ്റ്മാന്‍ 57ലേക്ക് എത്തിയത്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഹിറ്റ്മാന്‍ തിരുത്തിയെഴുതി. ടെസ്റ്റില്‍ ഒരക്ക നമ്പറിലുള്ള സ്‌കോര്‍ പോലും വരാതെ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയത്.

സമാനമായി 29 മത്സരങ്ങള്‍ കളിച്ച മഹേല ജയവര്‍ധനെയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 25 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഇരട്ടയക്കം കടന്ന ലെന്‍ ഹട്ടനാണ് ഈ പട്ടികയില്‍ മൂന്നാമത്.

കരിയറിലെ ഫാസ്റ്റസ്റ്റ് അര്‍ധസെഞ്ച്വറിയുമായി ഹിറ്റ്മാന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ലീഡ്. ഉച്ചയ്ക്ക് ശേഷം മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുമ്പോള്‍ 15 ഓവറില്‍ 118/2 എന്ന നിലയിലാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്.

183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്ന ഇന്ത്യക്ക് ഇതോടെ ആകെ 301 റണ്‍സിന്റെ ലീഡ് സ്വന്തമായുണ്ട്. നാലാം ദിവസം രോഹിത് ശര്‍മ (57), യശസ്വി ജെയ്‌സ്വാള്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇരുവരും ചേര്‍ന്ന് ഒന്നാമിന്നിങ്‌സില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ശുഭ്മന്‍ ഗില്‍ (10), ഇഷാന്‍ കിഷന്‍ (8) എന്നിവരാണ് ക്രീസിലുള്ളത്. വിന്‍ഡീസിനായി ഗബ്രിയേലും വാരിക്കനും ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlights: rohit sharma gets fastest test fifty

We use cookies to give you the best possible experience. Learn more