| Wednesday, 1st March 2023, 3:39 pm

ഒന്നല്ല, രണ്ട് തവണ ഔട്ടായിട്ടും പുറത്താകേണ്ടി വന്നില്ല, എന്നിട്ട് എന്തുണ്ടാക്കി? എന്നാലും എന്റെ രോഹിത്തേ...

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ ബൗളിങ്ങില്‍ കസറിയപ്പോഴും ഓസീസ് ടീം വരുത്തിവച്ച മണ്ടത്തരം ഒരിക്കലും മറക്കാന്‍ പറ്റില്ല. ഡി.ആര്‍.എസ് എങ്ങനെയെടുക്കണം എപ്പോള്‍ എടുക്കണം എന്ന് വ്യക്തമായി ബോധമില്ലാതെയാണ് ഓസീസ് മൂന്നാം ടെസ്റ്റ് തുടങ്ങിയത്.

രണ്ട് തവണയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാനുള്ള അവസരം ഓസീസ് കളഞ്ഞുകുളിച്ചത്, അതും മത്സരത്തിന്റെ ഒന്നാം പന്ത് മുതല്‍ക്കുതന്നെ.

മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ പന്ത് രോഹിത് ഷോട്ട് കളിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്ക്. ക്യാച്ചാണോ അല്ലയോ എന്നറിയാതെ സ്റ്റാര്‍ക്കിന്റെ അപ്പീല്‍. അമ്പയറാകട്ടെ നോട്ട് ഔട്ട് വിളിച്ചു.

എന്നാല്‍ അപ്സ്റ്റയേഴ്‌സിലേക്ക് പോകേണ്ട കാര്യമില്ല എന്നായിരുന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നിലപാട്. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്കുള്ളതായി കണ്ടെത്തുകയും ചെയ്തു. റിവ്യൂ എടുത്തിരുന്നെങ്കില്‍ രോഹിത് ഉറപ്പായും ഔട്ടായേനേ.

ആ ഓവറിലെ നാലാം പന്തില്‍ വീണ്ടും സ്റ്റാര്‍ക്ക് അപ്പീല്‍ ചെയ്തു. ഇത്തവണ എല്‍.ബി.ഡബ്ല്യൂവിന് വേണ്ടിയായിരുന്നു വാദം. ആദ്യ പന്തില്‍ സംഭവിച്ച അതേ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ബോള്‍ ട്രാക്കിങ്ങില്‍ പന്ത് വിക്കറ്റില്‍ കൊള്ളുന്നു എന്ന കാര്യം വ്യക്തമായതോടെ ഓസീസ് ക്യാമ്പില്‍ നിരാശ പടര്‍ന്നു.

ഒരു ഓവറില്‍ തന്നെ രണ്ട് തവണ ഔട്ടായിട്ടും രോഹിത്തിന് തിരികെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നില്ല. എന്നാല്‍ ഓസീസ് നായകന്റെ മണ്ടത്തരം കാരണം രണ്ട് തവണ ലൈഫ് കിട്ടിയിട്ടും അത് മുതലാക്കാനും ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചില്ല. 23 പന്തില്‍ നിന്നും 12 റണ്‍സുമായാണ് രോഹിത് പുറത്തായത്.

രോഹിത്തിന്റെ പുറത്താകലും നാണക്കേടിന്റെ ചരിത്രം കുറിച്ചുകൊണ്ടായിരുന്നു. ഇന്ത്യക്കെതിരായ ദല്‍ഹി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മാത്യു കുന്‍മാനാണ് താരത്തെ പുറത്താക്കിയത്. കുന്‍മാന്റെ പന്തില്‍ രോഹിത്തിന് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ നായകന്‍ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താവുന്നത്.

രോഹിത്തിന്റെ വിക്കറ്റടക്കം ഫൈഫര്‍ പൂര്‍ത്തിയാക്കിയാണ് കുന്‍മാര്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നഥാന്‍ ലിയോണ്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ 11ാം നമ്പറിലിറങ്ങിയ സിറാജ് റണ്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 34 ഓവര്‍ പിന്നിടുമ്പോഴേക്കും ലീഡിന് തൊട്ടടുത്തെ്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റതിന്റെ ക്ഷീണം മൂന്നാം ടെസ്റ്റില്‍ തീര്‍ക്കാനാണ് കങ്കാരുക്കള്‍ ഒരുങ്ങുന്നത്.

Content Highlight: Rohit Sharma get life two times in 3rd test

We use cookies to give you the best possible experience. Learn more