ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പരിതി വിട്ട് പെരുമാറിയ രോഹിത് ശര്‍മ്മയ്ക്കെതിരെ നടപടി. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു കൊണ്ടാണ് നടപടിയെടുത്തത്. മത്സരത്തിന് ഇടയില് പുറത്തായതിലെ രോഷം ബാറ്റുകൊണ്ട് സ്റ്റംപില് അടിച്ച് പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചിരിക്കുന്നത്.
മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചെങ്കിലും റിവ്യൂവും പുറത്താവല്‍ ശരിവെച്ചു. ഇതോടെ ദേഷ്യം മൂത്ത രോഹിത് ഫീല്‍ഡ് അമ്പയറോട് കയര്‍ക്കുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് ബാറ്റ് കൊണ്ട് കുത്തി തെറിപ്പിക്കുകയും ചെയ്തു.
കൊല്ക്കത്തയ്ക്കെതിരെ 34 റണ്സിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ ഇന്ത്യന്സിന്റെ സീസണിലെ അഞ്ചാം തോല്വിയായിരുന്നു അത്. റസലിന്റേയും ഗില്ലിന്റേയും ലിന്നിന്റേയും മികവില് 232 റണ്സ് കൊല്ക്കത്ത പടുത്തുയര്ത്തിയപ്പോള് മുംബൈയുടെ മുന് നിര പൊരുതാന് നില്ക്കാതെ കീഴടങ്ങി. എന്നാല് 15ന് അടുത്ത് റണ്റേറ്റ് നില്ക്കുമ്ബോഴും കീഴടങ്ങാതെ തകര്ത്തു കളിക്കുകയായിരുന്നു ഹര്ദിക് പാണ്ഡ്യ. 34 പന്തില് നിന്ന് ഹര്ദിക് 91 റണ്സ് അടിച്ചെടുത്തു.